25 അടിയോളം നീളം, പത്തടി ഉയരം; ദിനോസർ രാജാവിന്റെ ഫോസിൽ കണ്ടെത്തിയത് മൂന്ന് കുട്ടികൾ

Wednesday 05 June 2024 5:29 PM IST

ദിനോസറുകളുടെ കൂട്ടത്തിലെ ഭീകരനായ ടി - റെക്‌സ് അഥവാ ടൈറനോസോറസ് റെക്സിന്റെ കോടിക്കണക്കിന് വർഷം പഴക്കമുള്ള ഫോസിൽ കണ്ടെത്തിയത് മൂന്ന് സ്‌കൂൾ കുട്ടികൾ. 2022 ജൂലായ് 31ന് നോർത്ത് ഡക്കോട്ടയിലായിരുന്നു സംഭവം. ഇപ്പോൾ പുറത്തിറങ്ങാനൊരുങ്ങുന്ന ഒരു ഡോക്യുമെന്ററിയിലാണ് സംഭവത്തെ പ​റ്റി വിവരിക്കുന്നത്.

ജുറാസിക് പാർക്ക് സിനിമകളിൽ ഡോ. അലൻ ഗ്രാൻഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സാം നീൽ ആണ് ഡോക്യുമെന്ററിയിൽ സംഭവങ്ങൾ അവതരിപ്പിക്കുന്നത്. സഹോദരൻമാരായ ലിയാം ഫിഷറും ജെസീ ഫിഷറും കസിൻ കെയ്ഡൻ മാഡ്‌സന് ഒപ്പം പാറക്കൂട്ടങ്ങൾ നിറഞ്ഞ ഹെൽ ക്രീക്ക് മേഖലയിലൂടെ നടക്കുമ്പോഴാണ് അത്ഭുതകരമായ കണ്ടെത്തൽ നടത്തിയത്.

ലിയാമിന് ഏഴും ജെസീക്ക് പത്തും കെയ്ഡന് ഒമ്പതുമായിരുന്നു അന്ന് പ്രായം. പാറക്കൂട്ടത്തിൽ പതിഞ്ഞ നിലയിലാണ് ഇവർ ഫോസിലിനെ കണ്ടെത്തിയത്. സംശയം തോന്നിയതോടെ അസ്ഥികളുടെ ഒരു ചിത്രമെടുത്ത് പാലിയന്റോളജിസ്റ്റായ ഡോ. ടൈലർ ലൈസണിന് അയച്ചുകൊടുത്തു. ഒരു കുട്ടി ടി - റെക്സിന്റെ ഫോസിലാണിതെന്ന് അദ്ദേഹമാണ് തിരിച്ചറിഞ്ഞത്.

ഏകദേശം 67 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് 13 - 15 വയസ് പ്രായമുള്ളപ്പോൾ ചത്ത ടി റെക്സിന്റേതാണ് ഫോസിൽ. ഏകദേശം 1,632 കിലോഗ്രാം ഭാരവും 25 അടിയോളം നീളവും 10 അടി ഉയരവും ഇതിന് ഉണ്ടായിരുന്നിരിക്കാം എന്ന് കരുതുന്നു. ഈ പ്രായത്തിലുള്ള ടി - റെക്സ് ഫോസിലുകൾ വളരെ അപൂർവമായതിനാൽ കുട്ടികളുടെ കണ്ടെത്തലിന് ഏറെ പ്രധാന്യമാണ് ഗവേഷകർ നൽകുന്നത്.

ദിനോസറുകളിലെ രാജാവ് എന്നറിയപ്പെടുന്ന ടി - റെക്സുകളുടെ വളർച്ചയെ പറ്റി നിർണായക വിവരങ്ങൾ മനസിലാക്കാൻ ഈ ഫോസിൽ സഹായിക്കുമെന്നാണ് പ്രതീക്ഷ. വരും ആഴ്ചകളിൽ ഈ ഫോസിൽ ഡെൻവർ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും

ജൂൺ 21ന് ഡോക്യുമെന്ററി ഡെൻവറിൽ റിലീസ് ചെയ്യും. തങ്ങൾ ദിനോസർ ഫോസിൽ കണ്ടെത്തിയെന്ന് പറഞ്ഞിട്ട് സഹപാഠികൾ വിശ്വസിക്കുന്നില്ലെന്നും ഡോക്യുമെന്ററി അവരെ കാണിക്കാൻ കാത്തിരിക്കുകയാണെന്നും കുട്ടികൾ പറയുന്നു.

ഭീമൻ, ഭീകരൻ

അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏ​റ്റവും ഭീകരൻമാരായി കണക്കാക്കുന്ന ദിനോസറുകളാണ് ടി - റെക്സുകൾ. അമേരിക്കൻ ഭൂഖണ്ഡത്തിലാണ് ടി റെക്സുകൾ ജീവിച്ചിരുന്നത്. അതിശക്തരായ ഇരപിടിയൻമാർ ആയിരുന്നു.

20 അടി വരെ ഉയരം വച്ചിരുന്നെന്ന് കരുതുന്നു. വെലോസിറാപ്​റ്റർ, ട്രെെസെറാടോപ്സ്, ബ്രാക്കിയോസോറസ് തുടങ്ങി വിവിധ ജീനസിൽപ്പെട്ട ദിനോസറുകളും ഭൂമുഖത്ത് ജീവിച്ചിരുന്നു.

ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം സംഭവിച്ച കൂറ്റൻ ഛിന്നഗ്രഹ പതനമാണ് ദിനോസറുകളെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കിയത്. ഈ ഛിന്നഗ്രഹ പതനം ഭൂമിയിലെ 75 ശതമാനത്തോളം ജീവജാലങ്ങളുടെ നാശത്തിന് ഇടയാക്കിയെന്നാണ് കരുതുന്നത്

Advertisement
Advertisement