കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു,​ കളമശേരിയെ മുക്കിയത് മേഘവിസ്ഫോടനം തന്നെ

Thursday 06 June 2024 4:10 AM IST

കൊച്ചി: മേയ് 28ന് കളമശേരിയെ വെള്ളക്കെട്ടിലാക്കിയ പെരുമഴ മേഘവിസ്ഫോടനം മൂലമാണെന്ന് കുസാറ്റിനു പുറമെ കേന്ദ്ര കാലാവസ്ഥാ വകുപ്പും സ്ഥിരീകരിച്ചു. കളമേശരിയിലെ കുസാറ്റ് റാഡാർ കേന്ദ്രം രാവിലെ 9.30 മുതൽ 10.30 വരെ 103 മില്ലി മീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. മേഘവിസ്‌ഫോടനമാണെന്ന് കുസാറ്റ് പ്രഖ്യാപിച്ചെങ്കിലും കേന്ദ്രകാലാവസ്ഥ വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അന്ന് തങ്ങളുടെ തൃക്കാക്കരയിലെ മഴമാപിനിയിൽ ഒരു മണിക്കൂറിൽ 100 മില്ലി മീറ്റർ മഴ രേഖപ്പെടുത്തിയെന്നും മേഘവിസ്‌ഫോടനമാണെന്നും ഇന്നലെ വൈകിട്ടാണ് അവർ സ്ഥിരീകരിച്ചത്.

നിശ്ചിതപ്രദേശത്ത് മണിക്കൂറിൽ 100 മില്ലിമീറ്ററിലേറെ മഴ ലഭിച്ചാൽ മേഘവിസ്‌ഫോടനമായി കണക്കാക്കാം.

തമിഴ്‌നാട് തീരത്തെ ചക്രവാതച്ചുഴിയും അറബിക്കടലിൽ നിന്നുള്ള നീരാവിക്കാറ്റുമായിരുന്നു മേഘവിസ്‌ഫോടനത്തിന് കാരണമായത്. രണ്ട് മണിക്കൂറിൽ 157 മില്ലി മീറ്റർ മഴ പെയ്തു. നീരാവിക്കാറ്റ് പെരുമഴയുടെ ദൈർഘ്യം കൂട്ടിയെന്നും കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

15 മിനിട്ടിൽ

കനത്ത മഴ

10 മുതൽ 14 വരെ കിലോമീറ്റർ വിസ്തൃതിയിൽ മേഘങ്ങൾ ഒത്തു ചേർന്ന് പെയ്‌തൊഴിയുന്നതാണ് മേഘവിസ്‌ഫോടനങ്ങൾക്ക് കാരണം. സമതലങ്ങളിലും സംഭവിക്കാറുണ്ടെങ്കിലും ഉയർന്ന പ്രദേശങ്ങളിലാണ് സാദ്ധ്യതയേറെ. 15 മിനിട്ടിൽ താഴെ മാത്രമേ മേഘവിസ്‌ഫോടനം നിലനിൽക്കാറുള്ളൂ.

Advertisement
Advertisement