എറിഞ്ഞിട്ട് ബൗളര്‍മാര്‍, അടിച്ചോടിച്ച് ശര്‍മ്മാജി; അയര്‍ലന്‍ഡിനെ കടിച്ച് കീറി ഇന്ത്യ

Wednesday 05 June 2024 10:54 PM IST

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അനായാസ ജയവുമായി ഇന്ത്യ. അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 97 റണ്‍സ് വിജയലക്ഷ്യം വെറും 13.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. രോഹിത് ശര്‍മ്മ, പന്ത് എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി.

സ്‌കോര്‍: അയര്‍ലന്‍ഡ് 96-10 (16), ഇന്ത്യ 97-2 (13.2)

97 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 52*(37) പുറത്തെടുത്തത്. വലത് കയ്യില്‍ ഏറ് കൊണ്ട താരം പിന്നീട് കളം വിടുകയും ചെയ്തു. മറ്റൊരു ഓപ്പണര്‍ വിരാട് കൊഹ്ലി 1(5), സൂര്യകുമാര്‍ യാദവ് 2(4) റണ്‍സ് വീതം നേടി പുറത്തായി. റിഷഭ് പന്ത് 36(26), ശിവം ദൂബെ എന്നിവര്‍ പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിനെ വരിഞ്ഞ് മുറുക്കിയുള്ള ബൗളിംഗ് പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഒരവസരത്തില്‍ 49ന് ഏഴ് എന്ന നിലയില്‍ വന്‍ തകര്‍ച്ച നേരിട്ട ഐറിഷ് ടീം ഗാരെത്ത് ഡെലാനി 26(14), ജോഷ്വ ലിറ്റില്‍ 14(13) എന്നിവരുടെ മികവിലാണ് 96 റണ്‍സിലേക്ക് എത്തിയത്.

ഇന്ത്യക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്‌സര്‍ പട്ടേലും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം പങ്കിട്ടു. ജൂണ്‍ ഒമ്പതിന് (ഞായറാഴ്ച) പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Advertisement
Advertisement