പാർട്ടി ഭദ്രം, പ്രതിഫലിച്ചത് ബി.ജെ.പിക്ക് എതിരായ ജനവിധി: എം.വി. ഗോവിന്ദൻ

Thursday 06 June 2024 3:57 AM IST

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിൽ സി.പി.എമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും ബി.ജെ.പിക്കെതിരായ ജനവിധിയാണുണ്ടായതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയെ സംബന്ധിച്ച് ഒരു പ്രതിസന്ധിയുമില്ല. അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ല. 47 ശതമാനം വോട്ടുണ്ടായിരുന്ന യു.ഡി.എഫിന് 42 ശതമാനം വോട്ട് മാത്രമാണ് ഇത്തവണ ലഭിച്ചത്. അഞ്ചു ശതമാനത്തിന്റെ കുറവുണ്ടായി. 36 ശതമാനം വോട്ടുണ്ടായിരുന്ന എൽ.ഡി.എഫിന് ഒരു ശതമാനം മാത്രമാണ് നഷ്ടമായതെന്നും പാർട്ടിയുടെ മുഖത്തിന് ഒരു തകരാറുമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പരാജയം സംബന്ധിച്ച് ആവശ്യമായ പരിശോധനയും തിരുത്തലും വരുത്തി മുന്നോട്ട് പോകും. വി.ജോയിയുടേത് ജയിച്ച തോൽവിയാണ്. അത് തോറ്റതിന്റെ കൂട്ടത്തിൽ കൂട്ടേണ്ടതില്ല. ബി.ജെ.പി അക്കൗണ്ട് തുറന്ന തൃശ്ശൂരിൽ 86000 വോട്ടാണ് കോൺഗ്രസിന് കുറഞ്ഞത്. ബി.ജെ.പിയെ ജയിപ്പിച്ചത് കോൺഗ്രസാണ്. വടകരയിൽ വർഗീയതയും അശ്ലീല പ്രചാരണവും നടന്നുവെന്നും മതസൗഹാർദ്ദം നിലനിറുത്താൻ സജീവമായ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


യു.ഡി.എഫ് ജയത്തിനു പിന്നിൽ ന്യൂനപക്ഷങ്ങൾ

കേന്ദ്രസഹമന്ത്രിയായിരുന്ന ബി.ജെ.പി സ്ഥാനാർത്ഥി ജയിക്കുമെന്ന് നൂനപക്ഷങ്ങളിലുണ്ടായ ആശങ്കയാണ് കോൺഗ്രസ് സ്ഥാനാർത്ഥി ആറ്റിങ്ങലിൽ ജയിക്കാനുണ്ടായ പ്രധാന കാരണമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും പാർട്ടി ജില്ല സെക്രട്ടറിയുമായ വി. ജോയി വ്യക്തമാക്കി. കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 38000 വോട്ടിനാണ് പരാജയപ്പെട്ടത്. ഇക്കുറി റീ-കൗണ്ടിംഗ് നടത്തിയപ്പോൾ 615 വോട്ടിന് പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement