മലബാർ 'ഷോക്കിൽ' പകച്ച് സി.പി.എം

Thursday 06 June 2024 2:59 AM IST

കോഴിക്കോട്: കണ്ണൂരിലടക്കം കാൽച്ചുവട്ടിലെ മണ്ണൊലിച്ചതിന്റെ അങ്കലാപ്പ് തീരാതെ സി.പി.എം. പരസ്യമായി പാർട്ടി ജയിക്കുമെന്ന് പ്രഖ്യാപിച്ചതും ഉറപ്പിച്ചതും മലബാറിൽ രണ്ട് മണ്ഡലമായിരുന്നു. വടകരയിൽ കെ.കെ.ശൈലജയും പാലക്കാട്ട് പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും. രാജ്‌മോഹൻ ഉണ്ണിത്താനെ തകർത്ത് കാസർകോട്ട് എം.വി.ബാലകൃഷ്ണനും കണ്ണൂരിൽ സുധാകരനെതിരെ എം.വി.ജയരാജനും കോഴിക്കോട്ട് കേന്ദ്രകമ്മറ്റി അംഗം എളമരം കരീമും ജയിച്ചുകയറുമെന്ന് അണിയറയിൽ കണക്ക് കൂട്ടി.

പക്ഷേ, അടിയുറച്ച് വിശ്വസിച്ച വടകരയും പാലക്കാടും പോലും തൊടാനായില്ല..

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയതായിരുന്നു വടകരയിലെ മത്സരം. സി.പി.എമ്മിന് കേരളത്തിൽ ഇറക്കാവുന്നതിൽ ഏറ്റവും നല്ല സ്ഥാനാർത്ഥി കെ.കെ.ശൈലജ.. തുടക്കം മുതൽ ഒടുക്കം വരെ അടിമുടി ഉദ്വേഗം നിറഞ്ഞ മത്സരം. എന്നിട്ടും 1,14,506വോട്ടിന് ശൈലജയ്ക്ക് അടിയറവ് പറയേണ്ടിവന്നു. പി.ജയരാജന് ഏറ്റതിനേക്കാൾ വലിയ പരാജയം. പി.ജയരാജൻ മത്സരിച്ചപ്പോൾ യു.ഡി.എഫിലെ കെ.മുരളീധരന്റെ ഭൂരിപക്ഷം 84,663 . ഇത്തവണ തലശ്ശേരിയിൽ മാത്രം നേരിയ ഭൂരിപക്ഷം. എന്നും ചുവപ്പിനെ തുണച്ച കൂത്തുപറമ്പും പേരാമ്പ്രയും കൊയിലാണ്ടിയുമെല്ലാം കൈവിട്ടു.. കഴിഞ്ഞ 15വർഷമായി നഷ്ടപ്പെടുന്നതാണ് വടകര. എക്കാലവും ചുവന്ന മണ്ണ്.

കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് 1,08982 വോട്ടിന്റെ ഭൂരിപക്ഷം.
2019ൽ പി.കെ ശ്രീമതിക്കെതിരേ കെ. സുധാകരന്റെ ഭൂരിപക്ഷം 94559. ഇടതു കോട്ടകളെല്ലാം വീഴ്ത്തിയായിരുന്നു സുധാകരന്റെ മുന്നേറ്റം. കണ്ണൂർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ വമ്പിച്ച ലീഡോടെ സുധാകരൻ മുന്നേറിയപ്പോൾ ,

ധർമ്മടത്തും മട്ടന്നൂരും സി.പി.എമ്മിന്റെ ലീഡ് ഗണ്യമായി കുറഞ്ഞു.

ഉണ്ണിത്താൻ രണ്ടാം വിജയം നേടിയ കാസാർകോട്ടും ഒരു നിയമസഭാ മണ്ഡലത്തിൽ പോലും സി.പി.എമ്മിന് മുന്നേറാനായില്ല. 2019വരെ ഇടതുപക്ഷത്തായിരുന്നു മണ്ഡലം. 2019തിൽ ഉണ്ണിത്താൻ കന്നിയങ്കം നടത്തിയപ്പോൾ കിട്ടിയ ഭുരിപക്ഷം 40,438. അതാണ് രണ്ടാമങ്കത്തിൽ ഉണ്ണിത്താൻ 1,00 649 ആയി ഉയർത്തിയത്. കോഴിക്കാടാണ് സി.പി.എമ്മിനെ വിറപ്പിച്ച മറ്റൊരു മണ്ഡലം. ഏഴ് നിയമസഭാ മണ്ഡലത്തിൽ കൊടുവള്ളിയൊഴിച്ച് ആറും കൈയ്യിലുണ്ടായിട്ടും ഒരിടത്തു പോലും ഭൂരിപക്ഷം ഉയർത്താനായില്ല. കേന്ദ്രകമ്മറ്റി അംഗം എളമരം കരീമിനെ നാലാമൂഴത്തിൽ എം.കെ.രാഘവൻ പരാജയപ്പെടുത്തിയത് 1,46,176 വോട്ടിന്. കഴിഞ്ഞ തവണ

രാഘവന് കിട്ടിയ ഭൂരിപക്ഷം 85,225.

മലബാറിൽ വടകര കഴിഞ്ഞാൽ സി.പി.എം ഏറ്റവും പ്രതീക്ഷ വച്ച മണ്ഡലം പാലക്കാടായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ മത്സരിച്ച മണ്ഡലം. കഴിഞ്ഞ തവണ യു.ഡി.എഫിൽ നിന്ന് വി.കെ.ശ്രീകണ്ഠൻ കന്നി മത്സരത്തിൽ ജയിച്ചത് 11,637വോട്ടിനാണ്. അതാണ് എ.വിജയരാഘവനെതിരെ 75,283 വോട്ടായി ഉയർത്തിയത്. ഷൊർണൂരും മലമ്പുഴയുമൊഴിച്ചാൽ പഴയ കോട്ടകളെല്ലാം യു.ഡി.എഫ് തൂത്തു വാരി.

Advertisement
Advertisement