ഭരണ വിരുദ്ധ വികാരം ശക്തം

Thursday 06 June 2024 3:01 AM IST

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ 12 സീറ്റിൽവരെ വിജയസാദ്ധ്യത കണ്ട സി.പി.എം സംസ്ഥാന നേതൃത്വം നാലോ,അഞ്ചോ സീറ്റ്ഉറപ്പായും കിട്ടുമെന്ന് വിശ്വസിച്ചിരുന്നു.ആറ്റിങ്ങൽ, വടകര,മാവേലിക്കര,പാലക്കാട്, കണ്ണൂർ സീറ്റുകളാണ് ഉറപ്പിച്ചിരുന്നത്.യു.ഡി.എഫ് തരംഗത്തിൽ എല്ലാം ഒലിച്ചുപോയി.

പാർട്ടി വോട്ടുകൾ പോലും ചോർന്ന് പോയെന്നാണ് റിപ്പോർട്ടുകൾ.18 മന്ത്രിമാരുടെ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് പിന്നിലായി. 8 സി.പി.എം മന്ത്രിമാരുടെ മണ്ഡലങ്ങളും ഇതിൽപ്പെടും. തോൽവിക്ക് ഭരണവിരുദ്ധ വികാരവും കാരണമാണെന്ന വിമർശനം ഘടകക്ഷികളായ സി.പി.ഐയും കേരള കോൺഗ്രസ്-എമ്മും ഉയർത്തിക്കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നാം പിണറായി സർക്കാരിന് അനുകൂലഘടകങ്ങൾ ഏറെ ഉണ്ടായിരുന്നു. രണ്ടാം പിണറായി സർക്കാരിന് പ്രതികൂല ഘടകങ്ങളാണ് നിലവിലുള്ളത്.സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽ മുതൽ സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ ലഭ്യതയിൽ വരെയുണ്ടായ വീഴ്ചകൾ ഒരു വശത്ത്.കെ.എസ്.ആർ.ടിസിയിൽ ശമ്പളവും പെൻഷനും സർക്കാർ ജീവനക്കാരുടെയും ക്ഷാമബത്തയും മുടങ്ങുന്നതിലുള്ള വലിയ അതൃപ്തി മറുഭാഗത്ത് .മരുന്നില്ലാതെ സർക്കാർ ആശുപത്രികൾ.ദുരിതമനുഭവിക്കുന്ന ജനങ്ങൾ തിരഞ്ഞെടുപ്പിൽ രോഷം തീർക്കുക ഭരിക്കുന്നവർക്കതിരെയാവും. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയം ആലപ്പുഴ സീറ്റിൽ ഒതുങ്ങാൻ കാരണം ശബരിമല സ്ത്രീ പ്രവേശനം ഉൾപ്പെടെയുള്ള ബാഹ്യവിഷയങ്ങളായിരുന്നു.2020ലെ തദ്ദേശ

തിരഞ്ഞെടുപ്പിലും.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആ വീഴ്ചയിൽ നിന്ന് കരകയറാനും ശക്തമായി തിരിച്ചു വരാനും എൽ.ഡി.എഫിന് കഴിഞ്ഞു.ഇന്നത്തെപ്പോലെ, ശക്തമായ ഭരണ വിരുദ്ധ വികാരം അന്നുണ്ടായിരുന്നില്ല.

അടുത്ത വർഷം ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പും 2026 മേയിൽ നിയമസഭാ തിരഞ്ഞെടുപ്പും

വരാനിരിക്കെ, പാർട്ടി തലത്തിലും ഭരണ തലത്തിലും കാര്യമായ തിരുത്തലുകൾ അനിവാര്യം.

വ്യക്തിപൂ‌ജയുടെ നിഴൽ തീണ്ടിയപ്പോൾ തന്നെ,മുൻ മന്ത്രി ഗൗരി അമ്മയ്ക്കും,മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും,സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനുമെതിരെ പാർട്ടി ശക്തമായി രംഗത്തു

വന്നിരുന്നു. എന്നാൽ ഇപ്പോൾ പാടിപ്പുകഴ്ത്തൽ നേതാക്കൾതന്നെ നടത്തുകയാണ്.

രാജ്യസഭാ സീറ്റ്

കീറാമുട്ടി

എൽ.ഡി.എഫിലും രാജ്യസഭാ സീറ്റ് വിഭജനം മറ്റൊരു കീറാമുട്ടിയായി മാറുകയാണ്.മുന്നണിക്ക് കിട്ടുന്ന രണ്ട്

സീറ്റിൽ ഒന്നിൽ സി.പി.ഐ വീണ്ടും പിടിമുറുക്കി. കോട്ടയത്ത് തോമസ് ചാഴികാടന്റെ തോൽവിയോടെ,

കേരള കോൺഗ്രസ്-എമ്മിന് പാർലമെന്റിൽ പ്രാതിനിദ്ധ്യമില്ലാതായി.ജോസ് കെ.മാണി ഒഴിഞ്ഞ രാജ്യസഭാ സീറ്റ്

അവർക്ക് വിട്ടു കൊടുക്കണമെങ്കിൽ സി.പി.എം വിട്ടുവീഴച ചെയ്യേണ്ടി വരും.അല്ലെങ്കിൽ മറ്റുവഴികൾ തേടണം.

Advertisement
Advertisement