റബ്ബർ തോട്ടങ്ങളിൽ മഴ മറ സ്ഥാപിച്ചു തുടങ്ങി

Thursday 06 June 2024 12:01 AM IST

ഒരു മരത്തിൽ മഴ മറ സ്ഥാപിക്കുന്നതിനുള്ള ചെലവ്- 75 രൂപ

പ്ലാസ്റ്റിക്ക് പിടിപ്പിച്ചു തരുന്നതിന് ചെലവ്- 10 മുതൽ 14 രൂപ

വടക്കഞ്ചേരി: മഴക്കാലത്തു റബ്ബർ ടാപ്പിംഗ് നടത്തുന്നതിനു വേണ്ടി മരങ്ങളിൽ മഴ മറ സ്ഥാപിക്കുന്ന പണി സജീവമായി. മഴ ആരംഭിച്ച് റബ്ബർ മരങ്ങൾ നനഞ്ഞാൽ മരങ്ങളുടെ തടിയിൽ പശ ഒട്ടിപ്പിടിക്കാതിരിക്കും. റെയിൻ ഗാർഡിനും പശയ്ക്കുമിടയിലൂടെ വെട്ടുപട്ടയിലേക്ക് വെള്ളം ഒലിച്ചിറങ്ങിയാൽ റബ്ബർ പാലിൽ മഴ വെള്ളം കലരും എന്നതിനാലാണ് മഴയ്ക്കു മുമ്പ് മഴമറ സ്ഥാപിക്കുന്നത്. പ്ലാസ്റ്റിക് കടലാസ്, ടാർ നിർമ്മിത പശ, ടേപ്പ്, ക്ലിപ്പ് തുടങ്ങിയ സാമഗ്രികൾ വിൽക്കുന്ന വ്യാപാരങ്ങളും സജീവമായി.

വെട്ടു പട്ടക്ക് മുകളിലായി പശ തേക്കേണ്ട സ്ഥലത്തെ തൊലിയിലെ മൊരി ചുരണ്ടി കളഞ്ഞ് പശ തേച്ച് ഞൊറി വെച്ച് പ്ലാസ്റ്റിക് ഷീറ്റ് ഒട്ടിച്ച് അതിനുമുകളിൽ മഴവെള്ളം ഇറങ്ങാത്ത രീതിയിൽ ടേപ്പ് ഒട്ടിച്ച് സ്ട്രാപ്ലർ ക്ലിപ്പ് ചെയ്താണ് മഴ മറ പിടിപ്പിക്കുന്നത്. ഒരു മരത്തിൽ മഴ മറ സ്ഥാപിക്കുന്നതിന് ഒരേസമയം നാല് തൊഴിലാളികളുടെ സേവനം ആവശ്യമാണ്. തൈ റബ്ബറുള്ള നാമമാത്ര കർഷകർ റെഡിമെയ്ഡ് ഷെയ്ഡാണ് പിടിപ്പിക്കുന്നത്.

മഴ മറ ഉല്പന്നങ്ങൾക്ക് ഇത്തവണ സബ്സിഡി ഇല്ല
പ്രാദേശിക റബ്ബർ ഉൽപ്പാദക സംഘങ്ങൾ വഴി റബ്ബർ ബോർഡ് സബ്സിഡി നിരക്കിൽ മഴ മറ ഉൽപ്പന്നങ്ങൾ മുൻ വർഷങ്ങളിൽ നൽകിയത് ഈ വർഷം ഇല്ലാതായത് കർഷകർക്ക് അധിക സാമ്പത്തിക ചെലവിന് വഴിയൊരുക്കി. അതിനാൽ കർഷകർ പൊതു വിപണിയിൽ നിന്ന് തന്നെ സാമഗ്രികൾ വാങ്ങേണ്ട സ്ഥിതിയാണ്.

സാമഗ്രികൾക്ക് വില കുറഞ്ഞു

മഴ മറ ചെയ്യാനുള്ള പ്ലാസ്റ്റിക് ഷീറ്റ് കിലോഗ്രാമിന് കഴിഞ്ഞ വർഷത്തേക്കാൾ 10 മുതൽ 15 രൂപ വരെ കുറഞ്ഞ് 135 -140 രൂപയായി. 25 കിലോ തൂക്കം വരുന്ന ഒരു ടിൻ പശക്ക് കഴിഞ്ഞ വർഷത്തേക്കാൾ 100 മുതൽ 200 രൂപയോളം കുറവ് വന്നിട്ടുണ്ട്. കാലവർഷം സജീവമായാൽ മഴ മറ നടക്കാതാവുകയും വ്യാപാരികൾ സംഭരിച്ചുവച്ച മഴ മറ ഉൽപ്പന്നങ്ങൾ കെട്ടിക്കിടക്കാനുള്ള സാധ്യതയും കണക്കിലെടുത്ത് വിലകുറച്ചിരിക്കുന്നത്.

Advertisement
Advertisement