തൃശൂരിൽ സുരേഷ് ഗോപിക്ക് പൂരപ്പകിട്ടിൽ മാസ് എൻട്രി

Thursday 06 June 2024 3:02 AM IST

തൃശൂർ: ജനങ്ങൾ നൽകിയ ലോക്‌സഭ മണ്ഡലം ഹൃദയത്തിൽ ഏറ്റുവാങ്ങിയ സൂപ്പർതാരം സുരേഷ് ഗോപി തൃശൂർ എത്തിയപ്പോൾ പൂരത്തിന്റെ തിരക്ക്. തലപ്പാവും ഷാളും അണിയിച്ചും പൂച്ചെണ്ടുകൾ സമർപ്പിച്ചും പ്രിയ നേതാവിനെ ബി.ജെ.പി നേതാക്കളും പ്രവർത്തകരും സ്വീകരിച്ചു.

തന്നിൽ വിശ്വാസമർപ്പിച്ച ജനങ്ങളെ നമസ്കരിച്ച സുരേഷ് ഗോപി മണികണ്ഠനാൽ ഗണപതിക്ക് തേങ്ങയുടച്ച് ആരതി ഉഴിഞ്ഞു. സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥനെ വലംവച്ചു. പൂരമൈതാനത്ത് പരിസ്ഥിതി ദിനത്തിന്റെ 'വിജയമരം" നട്ടു. തുടർന്ന് തുറന്ന വാഹത്തിലേറി റോഡ് ഷോ നടത്തി. സ്ത്രീകളടക്കമുള്ളവർ ബൈക്ക് റാലിയിൽ പങ്കെടുത്തു. ശിങ്കാരി മേളം, കാവടി, നാസിക് ഡോൾ തുടങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വരാജ് റൗണ്ട് ചുറ്റിയുള്ള റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു. രാത്രി വൈകി കോർപ്പറേഷനു മുന്നിൽ പ്രകടനം സമാപിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.ടി.രമേശ്, വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാല കൃഷ്ണൻ, എ.നാഗേഷ്, ജില്ല പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥ്, ജില്ല പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്ന് വിമാനത്തിൽ നെടുമ്പാശേരിയിലെത്തിയ സുരേഷ് ഗോപി കാറിൽ തൃശൂർ കളക്ടറേറ്റിലെത്തിയശേഷമാണ് അയ്യന്തോളിൽ നിന്ന് റോഡ് ഷോ ആരംഭിച്ചത്. ജില്ലാവരണാധികാരികൂടിയായ കളക്ടർ വി.ആർ.കൃഷ്ണതേജയിൽനിന്ന് വിജയത്തിന്റെ സാക്ഷ്യപത്രം ഏറ്റുവാങ്ങി. സുരേഷ് ഗോപിയുടെ സഹോദരങ്ങളായ സുഭാഷ് ഗോപി, സുനിൽ ഗോപി എന്നിവരും ഒപ്പമുണ്ടായിരുന്നു. തൃശൂർ ലോക്‌സഭാമണ്ഡലത്തിലുള്ള ഏഴ് നിയമസഭ മണ്ഡലങ്ങളിലും ഒരാഴ്ച നീളുന്ന ആഘോഷ പ്രകടനങ്ങൾക്ക് ബി.ജെ.പി ജില്ലാനേതൃത്വം രൂപംനൽകി. ഏഴ് മണ്ഡലങ്ങളിലും റാലി നടത്തും.


തൃശൂർ ഹൃദയത്തിലുണ്ട്

തൃശൂർ ലോക്‌സഭാ മണ്ഡലത്തെ ഹൃദയത്തിൽ ചേർത്തുവച്ച് പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടത്താൻ നേതൃത്വം നൽകും. കേന്ദ്രമന്ത്രിപദം നേതൃത്വം തീരുമാനിക്കും. തൃശൂരിൽ സ്ഥിര താമസമുണ്ടാകില്ലെങ്കിലും താമസമാക്കിയതുപോലെ പ്രവർത്തിക്കും. തൃശൂരിൽ നിന്ന് കിട്ടിയത് വലിയ സ്‌നേഹവായ്പാണ്. ഓരോ നിമിഷവും അതിന്റെ കടപ്പാടും ചിന്തകളുമുണ്ട്. വികസന സാദ്ധ്യതകളെക്കുറിച്ച് വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement