പോളിംഗ് കുറഞ്ഞത് ഇടതിന് തിരിച്ചടിയായി

Thursday 06 June 2024 12:17 AM IST

പോളിംഗ് 73.37 %

കഴിഞ്ഞ തവണത്തേക്കാൾ 4.3 ശതമാനം കുറവ് പോളിംഗ്

മലമ്പുഴ മണ്ഡലത്തിൽ 5.29% പോളിംഗ് കുറവ്

പാലക്കാട്: ലോക്സഭ തിരെഞ്ഞടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞത് ഇടതിന് തിരിച്ചടിയായി. ഇത്തവണ പോളിംഗ് ശതമാനം 73.37 ശതമാനമായിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ 4.3 ശതമാനം കുറവ്. പോളിംഗ് ശതമാനം കുറഞ്ഞത് ബാധിക്കില്ലെന്ന് ഇടത് പക്ഷം വാദിച്ചെങ്കിലും ഫലം വന്നപ്പോൾ കനത്ത തിരിച്ചടിയാണ് ഏറ്റത്.

സി.പി.എം കോട്ടയെന്നല്ലാതെ മറ്റൊരു വിശേഷണം പാലാക്കാടിന് നൽകാനാകില്ല. മണ്ഡലം നിലവിൽ വന്നതിന് ശേഷം നടന്ന 16 തിരഞ്ഞെടുപ്പിൽ 11 തവണയും പാലക്കാട് വിജയിച്ചത് ഇടതുമുന്നണിയാണ്. 2019 ൽ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു പാലക്കാട് സി.പി.എം നേരിട്ടത്. രാഹുൽ തരംഗത്തിൽ സി.പി.എമ്മിനെ പാലക്കാട് കൈവിട്ടു. കനത്ത പരാജയമായിരുന്നു അന്ന് എൽ.ഡി.എഫിന് വേണ്ടി മത്സരിച്ച എം.ബി.രാജേഷ് നേരിട്ടത്. ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ വോട്ടുകൾ ശ്രീകണ്ഠിനലേക്ക് ഒഴുകുന്നതായിരുന്നു കാഴ്ച. 3,99,274 വോട്ടുകളായിരുന്നു ശ്രീകണ്ഠൻ നേടിയത്. എം.ബി.രാജേഷിന് 3,87,637 വോട്ടുകളും. ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ചു പിടിക്കുമെന്നായിരുന്നു സി.പി.എം അവകാശപ്പെട്ടത്. മുതിർന്ന നേതാവായ വിജയരാഘവനെ തന്നെ നേതൃത്വം ഇറക്കിയതോടെ പ്രവർത്തകർ ആത്മവിശ്വാസത്തിലായിരുന്നു. കൈവിട്ട പാലക്കാടിനെ ഒപ്പം നിർത്താൻ എണ്ണയിട്ട യന്ത്രം പോലെയാണ് പാർട്ടി സംവിധാനങ്ങൾ പ്രവർത്തിച്ചത്. ശക്തമായ പ്രവർത്തനം കാഴ്ചവെച്ചതിനോടൊപ്പം തന്നെ ഉൾപ്പാർട്ടി പ്രശ്നങ്ങളെല്ലാം പരിഹരിച്ചായിരുന്നു സി.പി.എം തിരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങിയതെങ്കിലും സി.പി.എം ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് കുറവ് തിരിച്ചടിയായെന്നാണ് സൂചന.

കോൺഗ്രസ് പരമ്പരാഗത വോട്ടുകൾക്ക് പുറമെ ന്യൂനപക്ഷ വോട്ടുകളും അനുകൂലമായത് വി.കെ.ശ്രീകണഠന്റെ ഭൂരിപക്ഷം റെക്കോർഡ് കടക്കാനും സാധിച്ചു. പാർട്ടിക്കുള്ളിൽ ഒരു വിഭാഗം എ.വിജയരാഘവനെതിരെ പ്രവർത്തിച്ചുവെന്നാരോപണവും ഉയർന്നിട്ടുണ്ട്‌.

സി.പി.എം ശക്തി കേന്ദ്രങ്ങളിലും പോളിംഗ് കുറവ്

പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും സി.പി.എമ്മിന്റെ മുതിർന്ന നേതാവ് കൂടിയായ വിജയരാഘവന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല. നിയമസഭയിൽ എൽ.ഡി.എഫ് പ്രതിനിധാനം ചെയ്യുന്ന പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണൂർ, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങളിൽ പോളിംഗ് കുറഞ്ഞു. ഇതിൽ മലമ്പുഴ മണ്ഡലത്തിൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞടുപ്പിനേക്കാൾ 5.29 ശതമാനമാണ് കുറവുണ്ടായത്. അതേ സമയം യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളായ മണ്ണാർക്കാട് ഉൾപ്പെടെ പോളിംഗ് ശതമാനം കൂടുകയും ചെയ്തു.

Advertisement
Advertisement