തട്ടിപ്പ് വലയിൽ സ്കോളർഷിപ്പും സൗജന്യ ലാപ്ടോപ്പും

Thursday 06 June 2024 4:18 AM IST

തിരുവനന്തപുരം: പുതിയ അദ്ധ്യയനവർഷം ആരംഭിച്ചതോടെ സൗജന്യ ലാപ്ടോപ്പുകളും ഉപരിപഠനത്തിന് സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പ്പയും വാഗ്ദാനം ചെയ്ത് തട്ടിപ്പ് സംഘങ്ങൾ. എസ്.എസ്.എൽ.സിക്ക് 75 ശതമാനത്തിനും പ്ലസ്ടുവിന് 85 ശതമാനത്തിനും മുകളിൽ മാർക്ക് ലഭിച്ചവർക്ക് യഥാക്രമം 10,000 രൂപയും 25,000 രൂപയും സ്കോളർഷിപ്പ് ലഭിക്കുമെന്ന പോസ്റ്രുകൾ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ പേരിൽ 10 ലക്ഷം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുന്നതായുള്ള വാർത്തകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സർക്കാരിന്റെ ലോഗോയും നേതാക്കളുടെ പേരും കണ്ട് പലരും കണ്ണുംപൂട്ടി വിശ്വസിക്കും. പോസ്റ്റിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ നൽകാമെന്നാവും വാഗ്ദാനം. ലിങ്കിൽ കയറുമ്പോൾ പേരും വിലാസും ഫോട്ടോയും ബാങ്ക് വിവരങ്ങളും ആവശ്യപ്പെടും.

മൂന്ന് രീതിയിലാണ് ഇത് ചതിക്കുഴിയാകുന്നത്.

ഒന്ന്:വിവരങ്ങൾ ശേഖരിച്ച് കുട്ടിയുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി കുട്ടിക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റാം. രണ്ട്: ലിങ്കിൽ വൈറസ് കയറ്റി, ക്ലിക്ക് ചെയ്യുന്ന ആളിന്റെ ഫോൺ ഹാക്ക് ചെയ്ത് ഒ.ടി.പി ഉൾപ്പെടെ കൈക്കലാക്കി പണം തട്ടാം. മൂന്ന്: ലിങ്കിൽ സർവേ ഫോം പൂരിപ്പിക്കേണ്ടി വരും. ഇഷ്ടവസ്ത്ര ബ്രാൻഡ്, ഫോൺ തുടങ്ങിയ വിവരങ്ങളാകും നൽകേണ്ടത്. ഇത് സ്വകാര്യകമ്പനികൾക്ക് വിറ്റും തട്ടിപ്പുകാർ പണം നേടുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളും രക്ഷാകർത്താക്കളുമാകും ഇരകളിലധികവും.

അപേക്ഷിച്ചില്ല, കിട്ടി

അപേക്ഷിക്കാത്ത വിദ്യാഭ്യാസ വായ്പ ലഭിച്ചെന്നും വിദേശപഠനത്തിന് അർഹരാണെന്നും കാണിച്ചുള്ള സന്ദേശങ്ങൾക്ക് പ്രതികരിക്കരുതെന്ന് സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ലിങ്കുകൾ മാൽവെയറുകളായിരിക്കും. സന്ദേശം 15 പേർക്ക് വാട്സ് ആപ്പിൽ അയച്ചാൽ ലാപ്ടോപ്പ് ലഭിക്കുമെന്ന സന്ദേശങ്ങളും വ്യാജമായിരിക്കും.

സൂക്ഷിക്കേണ്ടത്

1.കുട്ടികൾ സമൂഹമാദ്ധ്യമങ്ങളിൽ സജീവമായതിനാൽ, ഫോൺ ഉപയോഗം രക്ഷാകർത്താക്കൾ നിരീക്ഷിക്കണം.

2.സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതി www.gov.in സൈറ്റിൽ ലഭ്യമാകും

3.ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഒ.ടി.പി ആരുമായും പങ്കിടരുത്

4.അപേക്ഷിക്കാതെ കിട്ടുന്ന സ്കോളർഷിപ്പ് വ്യാജമായിരിക്കും

5.സ്കൂളുകളും കോളേജുകളും മുഖേനയുള്ള സ്കോളർഷിപ്പുകൾ മാത്രം വിശ്വസിക്കുക

സൈബർ ഹെൽപ്പ് ലൈൻ നമ്പർ 1930

Advertisement
Advertisement