ശക്തമായി തിരിച്ചുകയറി ഓഹരികൾ

Thursday 06 June 2024 12:19 AM IST

അദാനി കമ്പനികൾക്കും ബാങ്കുകൾക്കും മികച്ച നേട്ടം

കൊച്ചി: വോട്ടെണ്ണൽ ദിനത്തിലെ കനത്ത തകർച്ചയ്ക്ക് ശേഷം ഇന്നലെ ഇന്ത്യൻ ഓഹരി വിപണി ശക്തമായി തിരിച്ചുകയറി. സെൻസെക്സ് 2,303 പോയിന്റും നിഫ്റ്റി 736 പോയിന്റും നേട്ടമുണ്ടാക്കി. ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും ഭരണ പ്രതിസന്ധിയുണ്ടാവില്ലെന്ന വിലയിരുത്തലിൽ നിക്ഷേപകർ വീണ്ടും വിപണിയിൽ സജീവമായി. ബാങ്കിംഗ്, വാഹന മേഖലകളിലെ ഓഹരികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വൻ തകർച്ച നേരിട്ട അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഇന്നലെ അഞ്ച് ശതമാനം വില വർദ്ധന നേടി.

സെൻസെക്സ് ഇന്നലെ വ്യാപാരാന്ത്യത്തിൽ 3.2 ശതമാനം ഉയർന്ന് 74,382ൽ അവസാനിച്ചു. നിഫ്റ്റി 3.36 ശതമാനം നേട്ടവുമായി 22,620ൽ വ്യാപാരം പൂർത്തിയാക്കി. മുന്നണി ഭരണം സുഗമമായി മുന്നോട്ടുപോകുമെന്ന സൂചനകളാണ് തുടക്കത്തിൽ ദൃശ്യമാകുന്നത്. അതിനാൽ സാമ്പത്തിക പരിഷ്ക്കരണ നടപടികൾ കൂടുതൽ ശക്തമാക്കാൻ മൂന്നാം മോദി സർക്കാരിന് കഴിയുമെന്ന പ്രതീക്ഷയാണ് നിക്ഷേപകർ പ്രകടിപ്പിക്കുന്നത്. ഇന്നലത്തെ മുന്നേറ്റത്തോടെ പ്രീ പോൾ നിലവാരത്തിലേക്ക് ഓഹരി സൂചികകൾ മടങ്ങിയെത്തി.

ഇൻഡസ് ഇൻഡ് ബാങ്ക്, എം ആൻഡ് എം, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിനാൻസ്, കോട്ടക് ബാങ്ക് എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ബാങ്ക് ഓഹരികളിൽ കുതിപ്പ്

തിരഞ്ഞെടുപ്പ് ഫലത്തിൽ അടിതെറ്റിയ ബാങ്ക് ഓഹരികൾ ഇന്നലെ നഷ്ടം ഒരുപരിധി വരെ നികത്തി നേട്ടമുണ്ടാക്കി. എച്ച്.ഡി.എഫ്.സി ബാങ്ക്, ബന്ധൻ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് പ്രധാനമായും ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.

പ്രതീക്ഷിച്ച വിജയം മോദി നേടാത്തതിനെ തുടർന്ന് പൊടുന്നനെ വൈകാരികമായി പ്രതികരിച്ച നിക്ഷേപകർ ആത്മവിശ്വാസത്തോടെ വിപണിയിലേക്ക് തിരിച്ചെത്തുകയാണ്. എങ്കിലും മന്ത്രിസഭ രൂപീകരണം പൂർത്തിയാകുന്നത് വരെ വലിയ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

സനിൽ ഏബ്രഹാം

ഓഹരി വിദഗ്ദ്ധൻ

Advertisement
Advertisement