നിയമ ഭേദഗതിക്ക് അനുമതി,​ ജപ്തി പീഡനത്തിന് കടിഞ്ഞാണിടും

Thursday 06 June 2024 4:22 AM IST

തിരുവനന്തപുരം: ജപ്തി നടപടിയുടെ പേരിൽ ജനങ്ങളെ പീഡിപ്പിക്കുന്നതും ആത്മഹത്യയിലേക്ക് തള്ളിവിടുന്നതും തടയാൻ 1968ലെ കേരള റവന്യു റിക്കവറി നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. ചെറുകിട കർഷകരുടേതുൾപ്പെടെ വീടും കൃഷിഭൂമിയും ജപ്തി ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. വായ്പാ കുടിശിക തിരിച്ചടയ്ക്കാൻ കൂടുതൽ ഗഡുക്കൾ അനുവദിക്കുന്നതും പരിഗണിക്കും.

നികുതി കുടിശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിന്റെ വില്പന വിവരങ്ങൾ ഓൺലൈനായി പ്രസിദ്ധീകരിക്കുക, സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ ഭാഗം കുടിശിക ബാദ്ധ്യത തീർക്കുന്നതിന് ഉതകുംവിധം വിൽക്കുന്നതിനുള്ള വ്യവസ്ഥ, റവന്യു റിക്കവറിയിൽ തവണകൾ അനുവദിക്കാൻ സർക്കാരിന് അനുമതി നൽകൽ തുടങ്ങിയവയാണ് പ്രധാന ഭേദഗതികൾ.

സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നടക്കം വായ്പയെടുത്ത് കുടിശിക വരുത്തുമ്പോൾ ജപ്തി നടത്തി ഭൂമി ലേലത്തിന് വയ്ക്കാറുണ്ട്. ഇത് ആരും വാങ്ങിയില്ലെങ്കിൽ സർക്കാർ തന്നെ ഏറ്റെടുക്കും. ഇങ്ങനെ ബോട്ട് ഇൻ ലാന്റ് ആയി ഏറ്റെടുത്ത സ്ഥലം ഉടമകൾക്കു തന്നെ ലഭ്യമാക്കാനുള്ള നടപടി ലളിതമാക്കാനും വ്യവസ്ഥയുണ്ടാകും. റവന്യു റിക്കവറി അസി. കമ്മിഷണറുടെ നേതൃത്വത്തിൽ നാലംഗ വിദഗ്ദ്ധ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ല് തയ്യാറാക്കിയത്.

ജപ്തിക്ക് സ്വകാര്യ

ഏജൻസി പാടില്ല

1.അഞ്ചു ലക്ഷം വരെയുള്ള വായ്പാ കുടിശികയ്ക്ക് ഗ്രാമങ്ങളിൽ ഒരേക്കറും നഗരത്തിൽ അരയേക്കറും വരെയുള്ള കൃഷിഭൂമിയെ ജപ്തിയിൽ നിന്നൊഴിവാക്കി പകരം സംവിധാനമൊരുക്കും

2.വായ്പ എടുത്തയാളിന്റെ ഏക കിടപ്പാടം ആയിരം ചതുരശ്ര അടിയിൽ കുറവാണെങ്കിൽ ജപ്തി പാടില്ലെന്ന വ്യവസ്ഥ ഉൾപ്പെടുത്തും

3.ജപ്തി നടത്തുന്നതിന് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നത് തടയും

4.കേന്ദ്രത്തിന്റെ സർഫാസി ആക്ടിനെ പ്രതിരോധിക്കാനുള്ള വ്യവസ്ഥകൾ പരിഗണിച്ചേക്കും

Advertisement
Advertisement