മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പിടഞ്ഞുചാകാൻ കാരണം നമ്മൾ അറിഞ്ഞുകൊണ്ട് ചെയ്യുന്ന ഈ പാപം

Wednesday 05 June 2024 11:44 PM IST

പറവൂർ: പറവൂർ മാർക്കറ്റിനോട് ചേർന്നൊഴുകുന്ന പെരിയാറിന്റെ കൈവരിയായ തട്ടുകടവ് പുഴയിൽ മത്സ്യങ്ങൾ ശ്വാസംമുട്ടി ചത്തതിനും ജലോപരിതലത്തിലേക്ക് പൊന്തിയതിനും കാരണം രക്തം കലർന്ന മലിനജലമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ കണ്ടെത്തി. മൃഗങ്ങളെ അറക്കുന്ന അവശിഷ്ടങ്ങളും രക്തവും പുഴയിലെത്തിയതിനാലാണ് ശ്വാസം കിട്ടാതെ മത്സ്യങ്ങൾ പിടഞ്ഞുപൊന്തിയത്.

മേയ് മൂന്നിനാണ് പുഴയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ഉപരിതലത്തിലെത്തി പിടിയുന്നതും ചിലത് ചത്ത് പൊന്തുന്നതും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കരിമീനായിരുന്നു കൂടുതൽ. വെള്ളത്തിന് നേരിയ നിറവ്യത്യാസവും ദുർഗന്ധവുമുണ്ടായിരുന്നു. സംഭവമറിഞ്ഞ് നഗരസഭ അധികൃതരും ഉദ്യോഗസ്ഥരുടെ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. മലിനീകരണ നിയന്ത്രണ ബോർഡും ഫിഷറീസ് വകുപ്പും പുഴയുടെ ഭാഗങ്ങളിൽ പരിശോധന നടത്തുകയും വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുകയും ചെയ്തു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആദ്യ പരിശോധന ഫലമാണ് പുറത്ത് വന്നത്. രണ്ട് വകുപ്പുകൾ ശേഖരിച്ച ജലപരിശോധനയുടെ പൂർണമായ ഫലം ലഭിച്ചിട്ടില്ല.

മൃഗങ്ങളുടെ രക്തവും മലിനജലവും പുഴയിലേക്ക് ഒഴുകിയെത്തുന്നത് വെള്ളത്തിന്റെ ഓക്സിജന്റെ അളവ് കുറക്കും. ഇതാണ് ഇവിടെ സംഭവിച്ചതെന്നും മറ്റൊരു സാദ്ധ്യത ഇല്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ്

മാർക്കറ്റിൽ വർഷങ്ങളായി മൃഗങ്ങളെ അറക്കുന്നുണ്ട് ഇതുവരെ മത്സ്യങ്ങൾക്ക് പ്രശ്നമുണ്ടായിട്ടില്ല. ആദ്യമായി ഉണ്ടായ പ്രതിഭാസത്തിന്റെ കാരണം രക്തം കലർന്ന മലിനജലമാകാൻ ഇടയില്ലെന്ന് പറവൂർ നഗരസഭ.

Advertisement
Advertisement