എൽ.ഡി.എഫിന്റെ തോൽവി: മന്ത്രി റിയാസ് രാജിവയ്ക്കണമെന്ന് കോൺഗ്രസ്
കോഴിക്കോട്: സ്വന്തം നിയോജക മണ്ഡലത്തിൽ പോലും എൽ.ഡി.എഫ് പിന്നാക്കം പോയ സാഹചര്യത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.എ മുഹമ്മദ് റിയാസ് രാജിവയ്ക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ.
13 നിയോജക മണ്ഡലത്തിലും യു.ഡി.എഫ് മികച്ച മുന്നേറ്റം നടത്തിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.എം ശക്തി കേന്ദ്രങ്ങളിൽ നിന്നു പോലും വൻതോതിൽ വോട്ട് ചോർന്നു. ജില്ലയിലെ വടകര, കോഴിക്കോട് ലോക്സഭാ മണ്ഡലങ്ങളിലെ പ്രചാരണത്തിൽ സി.പി.എം വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പൊതു സമൂഹത്തിനു മുന്നിൽ എത്തിക്കുന്നത് വരെ കോൺഗ്രസ് സമര രംഗത്തുണ്ടാവും.
കാഫിർ പോസ്റ്റ് പ്രചരിപ്പിച്ചവർ തന്നെയാണ് അതിന്റെ പിന്നിലെന്ന് പൊലീസിനറിയാം. പൊലീസിന്റെ കൈകൾ പിന്നിൽ നിന്ന് കെട്ടിയിരിക്കുകയാണ്. ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളിയെ വെളിപ്പെടുത്തിയില്ലെങ്കിൽ സമരവുമായി മന്നോട്ടു പോവും. ലീഗ് ഉൾപ്പെടെ മുന്നണി സംവിധാനം ശക്തമായി പ്രവർത്തിച്ചു. നേരത്തെ യു.ഡി.എഫിന് ബൂത്ത് ഏജന്റുമാരെ നിർത്താൻ സാധിക്കാതിരുന്ന ബൂത്തുകളിൽ വരെ കോൺഗ്രസിന് മുന്നേറ്റമുണ്ടായി. സി.പി.എമ്മിന്റെ പാർട്ടിഗ്രാമങ്ങളിൽ കോൺഗ്രസിന് മുമ്പ് 100 വോട്ട് കിട്ടാതിരുന്ന ബൂത്തുകളിൽ 300 വോട്ടുകൾ വരെ ലഭിച്ചു. പാർട്ടി പോലും പ്രതീക്ഷിച്ചതിലും വലിയമുന്നേറ്റമാണ് ജനങ്ങൾ സമ്മാനിച്ചത്. ജില്ലയിൽ നിന്നുള്ള രണ്ടു മന്ത്രിമാരുടെ മണ്ഡലങ്ങളായ ബേപ്പൂരിലും എലത്തൂരിലും കോൺഗ്രസ് ഭൂരിപക്ഷം ഉയർത്തി.
കെ.മുരളീധരൻ വടകര വിട്ട് തൃശൂരിൽ മത്സരിക്കണമെന്ന് തീരുമാനിച്ചത് പാർട്ടിയാണ്. വലിയ വിജയത്തിനിടയിലും മുരളീധരന്റെ തോൽവി ദു:ഖമുണ്ടാക്കുന്നുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ഈ ട്രെൻഡ് നിലനിർത്തുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്ത് പറഞ്ഞു. കോഴിക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ കൂടിയായ കെ.പി.സി.സി ജനറൽ സെക്രട്ടറി
അഡ്വ. പി. എം. നിയാസ്, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കെ.പി ബാബു, ഡി.സി.സി ഭാരവാഹികളായ പി.എം. അബ്ദുറഹ്മാൻ, ചോലക്കൽ രാജേന്ദ്രൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.