വേനലിന് ശേഷം നേട്ടം പ്രതീക്ഷിച്ചു, കൊച്ചിക്ക് തിരിച്ചടിയായത് ഒരേയൊരു കാരണം

Thursday 06 June 2024 12:34 AM IST

കൊച്ചി: തീവ്രമഴയും യാത്രാനിയന്ത്രണങ്ങളും മൂലം മഴക്കാല ടൂറിസത്തിന് തണുപ്പന്‍ തുടക്കം. കടുത്ത ചൂടില്‍നിന്ന് മഴ ആസ്വദിക്കാന്‍ വടക്കേയിന്ത്യക്കാര്‍ വരുന്നുണ്ടെങ്കിലും ബീച്ചുകള്‍ അടച്ചതിനാല്‍ എറണാകുളത്തെത്തുന്ന സഞ്ചാരികള്‍ വഴിമാറി പോകുകയാണ്.

മഴ ആസ്വദിക്കാന്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നീളുന്ന മണ്‍സൂണ്‍ ടൂറിസക്കാലത്ത് ആയിരക്കണക്കിന് സഞ്ചാരികളാണ് എത്താറുള്ളത്. കനത്ത ചൂടനുഭവപ്പെടുന്ന വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ മണ്‍സൂണ്‍ ടൂറിസത്തിന് എത്താറുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വിദേശികളും എത്താറുണ്ട്.

തീവ്രമഴയും കടല്‍കയറ്റവും മൂലം ബീച്ചുകളിലും കായല്‍യാത്രയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ സഞ്ചാരികള്‍ കുറഞ്ഞതായി സംരംഭകര്‍ പറഞ്ഞു. ബീച്ചുകളില്‍ മഴയില്‍ കുളിച്ചും ജലകേളികളിലും ഏര്‍പ്പെടാനുമാണ് സഞ്ചാരികള്‍ക്ക് താല്പര്യം. എന്നാല്‍, ശക്തമായ തിരമാലകളുള്ളതിനാല്‍ കടലില്‍ ഇറങ്ങാന്‍ അനുവദിക്കുന്നില്ല.

വടക്കേയിന്ത്യന്‍ സഞ്ചാരികള്‍ കൊച്ചിയില്‍ ഒന്നോ രണ്ടോ ദിവസം താമസിച്ച് മൂന്നാര്‍, കുമരകം, ആലപ്പുഴ, തേക്കടി, ആതിരപ്പള്ളി തുടങ്ങിയിടങ്ങളിലേയ്ക്ക് പോകുകയാണ് പതിവ്. കൊച്ചിയില്‍ തങ്ങാതെ പോകാനാണ് ഇപ്പോള്‍ താല്പര്യമെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു.

മദ്ധ്യവേനലവധി കഴിഞ്ഞതോടെ മലയാളികളുടെ സഞ്ചാരവും കുറഞ്ഞിട്ടുണ്ട്. ഈ മാസം അവസാനത്തോടെ വാരാന്ത്യങ്ങളില്‍ മലയാളികളുടെ യാത്ര വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഹൗസ് ബോട്ടുകളിലുള്‍പ്പെടെ സഞ്ചരിച്ചും താമസിച്ചും മഴ ആസ്വദിക്കാന്‍ ചെറുപ്പക്കാരുടെ സംഘങ്ങളാണ് ഇപ്പോള്‍ കൂടുതലെത്തുന്നതെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞു.

സുഖചികിത്സ തേടിയും

ഇടവേളയിട്ട് പെയ്യുന്നതാണ് കേരളത്തിലെ മഴയുടെ പ്രത്യേകത. മഴയില്‍ അന്തരീക്ഷത്തില്‍ പൊടി ഇല്ലാതാകും. തണുപ്പ് നിലനില്‍ക്കുകയും ചെയ്യുന്നതുതുമൂലം മനുഷ്യശരീരത്തിലെ സൂക്ഷ്മ സുഷിരങ്ങള്‍ വികസിക്കും. ഈസമയത്ത് എണ്ണ, കുഴമ്പ് തുടങ്ങിയവ പുരട്ടുന്നത് ശരീരം കൂടുതല്‍ ഉള്‍ക്കൊള്ളും. നാലുദിവസം മുതല്‍ ഒരുമാസം വരെ നീളുന്ന ആയുര്‍വേദ സുഖചികിത്സാ പാക്കേജുകള്‍ ആശുപത്രികളും റിസോര്‍ട്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

മണ്‍സൂണ്‍ ടൂറിസം സീസണ്‍

ഇടവപ്പാതി ( ജൂണ്‍ -സെപ്തംബര്‍)

തുലാവര്‍ഷം (ഒക്ടോബര്‍- നവംബര്‍)

പ്രിയപ്പെട്ട സ്ഥലങ്ങള്‍

ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചരി, കുമ്പളങ്ങി, ചെറായി, കുഴുപ്പിള്ളി, തട്ടേക്കാട്, ഭൂതത്താന്‍കെട്ട്

പാക്കേജുകള്‍

5 മുതല്‍ 10 ദിവസം വരെ

താമസം, ഭക്ഷണം, യാത്ര

''അതിതീവ്ര കാലാസ്ഥ മാറിയാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാകും. മഴ ആസ്വദിക്കാന്‍ സഞ്ചാരികള്‍ കൂടുതല്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.''

ശ്യാം, സെക്രട്ടറി- ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

Advertisement
Advertisement