പ്രണോയ്, സിന്ധു പുറത്ത്

Thursday 06 June 2024 3:25 AM IST

ജക്കാർത്ത: ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന് ഇന്ത്യൻ സൂപ്പർ താരങ്ങളായ എച്ച്.എസ് പ്രണോയ്‌യും പി.വി സിന്ധുവും ആദ്യ റൗണ്ടിൽ പുറത്തായി. പുരുഷ സിംഗിൾസിൽ പ്രണോയ് ഇന്ത്യൻ താരം തന്നെയായ പ്രിയാൻഷു രജാവത്തിനോടാണ് തോറ്റത്. സ്കോർ: 21-17, 21-12. മറ്റൊരു മലയാളി താരം കിരൺ ജോർജ് ചൈനയുടെ വെംഗ് യാംഗ് ഹോയോടും തോറ്റു. രണ്ട് തവണ മാച്ച് പോയിന്റ് നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയ ശേഷമാണ് കിരണിന്റെ തോൽവി.

വനിതാ സിംഗിൾസിൽ ചൈനീസ് തായ് പേയുടെ സൂ വെൻ ചിയോട് തോറ്റാണ് സിന്ധു പുറത്തായത്. സ്കോർ: 15-21, 21-15, 14-21. മൂന്ന് ഗെയിം നീണ്ട പോരാട്ടം ഒരു മണിക്കൂർ 10 മിനിട്ട് നീണ്ടു. വെൻ ചിയ്ക്കെതിരെ സിന്ധുവിന്റെ ആദ്യ തോൽവിയാണിത്. വനിതാ ഡബിൾസിൽ ഇന്ത്യൻ ജോഡികളായ റുതുപർണ പാണ്ട-ശ്വേതപർണ പാണ്ട സഖ്യവും തോറ്റു.

ലക്ഷ്യ, ട്രീസ- ഗായത്രി മുന്നോട്ട്

അതേസമയം പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ രണ്ടാം റൗണ്ടിലെത്തി. ജപ്പാന്റെ കാന്ത സുനേയാമയെ 21-12, 21-17നാണ് ലക്ഷ്യ തോൽപ്പിച്ചത്. ട്രീസ - ഗായത്രി സഖ്യം ചൈനീസ് തായ്‌ പേയുടെ ചെംഗ് യു പി - സൺ യു സിംഗ് സഖ്യത്തെയാണ് കീഴടക്കിയത്. സ്കോർ: 21-15,21-11. മിക്സഡ് ഡബിൾസിൽ സുമിത് റെഡ്ഡി - സിക്കി റെഡ്ഡിസഖ്യവും ജയിച്ചു.

:

Advertisement
Advertisement