കോണ്ടെ നാപ്പൊളിയിൽ

Thursday 06 June 2024 3:33 AM IST

നാപ്പൊളി: ഇറ്റാലിയൻ ക്ലബ് നാപ്പൊളിയുടെ പുതിയ പരിശീലകനായി പ്രമുഖ പരിശീലകൻ അന്റോണിയോ കോണ്ടെ ചുമതലയേറ്റെടുത്തു. കഴിഞ്ഞ സീസണിൽ നിറം മങ്ങിപ്പോയ നാപ്പൊളി പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2022-23 സീസണിൽ ലൂസിയാനൊ സ്‌പല്ലെറ്റിയുടെ ശിക്ഷണത്തിൽ 33 വർഷത്തെ ഇടവേളയ്ക്ക് ശേഷം നാപ്പൊളി സിരി എ ചാമ്പ്യൻമാരായിരുന്നു. കഴിഞ്ഞ ജൂണിൽ സ്പല്ലെറ്റി ടീം വിട്ട ശേഷം നാപ്പൊളിയുടെ പരിശീലക സ്ഥാനത്തേക്ക് എത്തുന്ന നാലാമത്തെയാളാണ് കോണ്ടെ. റൂഡി ഗാർസിയ, വാൾട്ടർ മസ്സാരി,ഫ്രാൻസെസ്‌കോ കാൾസോണ എന്നിവർ കഴിഞ്ഞ സീസണിഷ നാപ്പൊളിയുടെ മാനേജർമാരായെങ്കിലും ടീമിനെ മികവിലേക്ക് ഉയർത്താനായില്ല.ഒരു സീസണിൽ 8 മില്യൺ യൂറോ (ഏകദേശം 72 കോടി രൂപ) പ്രതിഫലത്തിലാണ് കോണ്ടെ നാപ്പൊളിയുമായി മൂന്ന് വ‌ർഷത്തെ കരാറിൽ ഒപ്പുവച്ചത്. നേരത്തേ ഇറ്റാലിയൻ ദേശീയ ടീം,പ്രമുഖക്ലബുകളായ ചെൽസി, യുവന്റസ്, ഇന്റ‌ർമിലാൻ, ടോട്ടൻഹാം എന്നീടിമുകളെയെല്ലാം പരിശീലിപ്പിച്ചിട്ടുണ്ട് കോണ്ടെ.

Advertisement
Advertisement