സുനിൽ എന്ന സൂര്യൻ അസ്തമിക്കുമ്പോൾ

Thursday 06 June 2024 3:35 AM IST

ഇന്നലെ ഇന്ത്യൻ കുപ്പായത്തിലെ അവസാനവട്ട പരിശീലനത്തിനായി സുനിൽ ഛെത്രി കൊൽക്കത്തയിലെ യുവ ഭാരതി ക്രീഡാംഗണിലേക്ക് ടീം ബസിൽ വന്നിറങ്ങുമ്പോൾ പടിഞ്ഞാറേ മാനത്ത് സായാഹ്നസൂര്യൻ എരിഞ്ഞടങ്ങുകയായിരുന്നു. ഇന്ന് ഇതേ വേദിയിൽ ഇന്ത്യൻ ഫുട്ബാളിന് കഴിഞ്ഞ 19 കൊല്ലമായി ഗോൾവെളിച്ചം പകരുന്ന ഛെത്രി എന്ന സൂര്യനും എരിഞ്ഞടങ്ങും.

39 വയസായ ഛെത്രി കഴിഞ്ഞ മാസം 16ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ഞെട്ടിത്തരിച്ചത് ഇന്ത്യൻ ഫുട്ബാൾ ലോകമായിരുന്നു. ഛെത്രി ഇല്ലാത്തൊരു ഇന്ത്യൻ ടീമിനെക്കുറിച്ച് എങ്ങനെ ചിന്തിക്കാനാകും എന്നതാണ് അവരെ അലട്ടിയത്. അത്രമേൽ ഇന്ത്യൻ ഫുട്ബാളിനെ ആവേശിച്ച അത്ഭുത പ്രതിഭാസമാണ് ഛെത്രി. നിലവിൽ കളിക്കുന്ന താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും കഴിഞ്ഞാൽ ഗോൾ വേട്ടയിലെ ഒന്നാമനാണ് സുനിൽ ഛെത്രി. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. നാളെ തന്റെ 151-ാം അന്താരാഷ്ട്ര മത്സരത്തിനായാണ് ഛെത്രി ഇറങ്ങുന്നത്. മത്സരങ്ങളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഇന്ത്യൻ താരം ബെയ്ചുംഗ് ബൂട്ടിയ 88 മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. ഛെത്രി ഇന്ത്യയെ നയിക്കുന്ന 89-ാമത് മത്സരമാണ് ഇന്നത്തേത്.

അവസാനമത്സരത്തലേന്നും ടീമിലെ ഏറ്റവും യുവതാരത്തിന് പോലും അസൂയ ജനിപ്പിക്കുന്ന ഫിറ്റ്നസുമായാണ് ഛെത്രി പരിശീലനത്തിന് ഇറങ്ങിയത്. ഇന്ന് മുഴുവൻ സമയവും ഛെത്രിയെ കളിപ്പിക്കാനാണ് സാദ്ധ്യത. ഛെത്രിയുടെ അവസാന മത്സരം കാണാൻ മുൻ ഇന്ത്യൻ താരം ഐ.എം വിജയനടക്കമുള്ള പ്രമുഖരുടെ നിര എത്തുന്നുണ്ട്.

ഇന്ന് ഇന്ത്യ ജയിച്ചാൽ ചരിത്രം

ഛെത്രിക്ക് വിജയത്തോടെ വിട വാങ്ങാനായാൽ ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ നേട്ടമാണ്. ലോകകപ്പ് യോഗ്യതാറൗണ്ടിലെ രണ്ടാം ഘട്ടത്തിലെ മത്സരമാണിത്. ഇതിൽ വിജയിച്ചാൽ ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നിവർകൂടി അ‌ടങ്ങുന്ന ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയ്ക്ക് മൂന്നാം റൗണ്ടിലേക്ക് കടക്കാം. ചരിത്രത്തിൽ ആദ്യമായാകും ഇന്ത്യ മൂന്നാം റൗണ്ടിലെത്തുക.

121

ഫിഫ റാങ്കിംഗിലെ ഇന്ത്യയുടെ സ്ഥാനം.

139

ഫിഫ റാങ്കിംഗിലെ കുവൈറ്റിന്റെ സ്ഥാനം.

3

കഴിഞ്ഞ വർഷം മൂന്ന് മത്സരങ്ങളിൽ ഇന്ത്യയും കുവൈറ്റും ഏറ്റുമുട്ടി. അതിൽ രണ്ടിലും ജയിച്ചത് ഇന്ത്യ. ഒരു മത്സരത്തിൽ കുവൈറ്റ്

1-1ന് സമനില പിടിച്ചു. പോർച്ചുഗീസ് യൂത്ത് ടീമിന്റെ മുൻ കോച്ച് റൂയി ബെന്റോയാണ് കുവൈറ്റിനെ പരിശീലിപ്പിക്കുന്നത്. കുവൈറ്റ് പ്രിമിയർ ലീഗിൽ കളിക്കുന്ന താരങ്ങളുമായാണ് ബെന്റോ എത്തുന്നത്.

85000

പേരാണ് സാൾട്ട് ലേക്കിലെ യുവ ഭാരതി ക്രീഡാംഗണിലെ കപ്പാസിറ്റി. ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ച് ഇതിൽ കുറവുവരുത്താനിടയുണ്ട്. മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റുകളെല്ലാം നേരത്തേ വിറ്റഴിഞ്ഞിരുന്നു.

ടി വി ലൈവ് : രാത്രി 7 മണിമുതൽ സ്പോർട്സ് 18 ചാനൽ ശൃംഖലയിൽ. ലൈവ് സ്ട്രീമിംഗ് ജിയോ സിനിമയിൽ.

ഇന്ത്യയ്ക്ക് കഴിഞ്ഞ ആറു മത്സരങ്ങളിൽ അഞ്ചിലും ഗോളടിക്കാൻ കഴിഞ്ഞിരുന്നില്ല.

Advertisement
Advertisement