ഗ്രീൻ ടീയും ഇലക്കറികളും പ്രധാനം, കേക്ക് കഴിക്കാറില്ല; 39ലും ചെറുപ്പമായിരിക്കാൻ സുനിൽ ഛെത്രി കാത്തുസൂക്ഷിക്കുന്നത്
കൊൽക്കത്ത: ആരോഗ്യ സംരക്ഷണത്തിൽ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ സുനിൽ ഛെത്രി എല്ലാവർക്കും റോൾ മോഡലാണെന്ന് ഫിസിയോതെറാപിസ്റ്റ് ജിജി ജോർജ്. 39-ാം വയസിലും സുനിൽ ഛെത്രി ആരോഗ്യവാനായിരിക്കുന്നതിനുപിന്നിൽ കൃത്യമായ ഡയറ്റാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്താരാഷ്ട്ര ഫുട്ബാളിൽ സുനിൽ ഛെത്രിയുടെ വിടവാങ്ങൽ മത്സരം ഇന്ന് നടക്കാനിരിക്കെയാണ് ജിജി ജോർജ് കൂടുതൽ വിവരങ്ങൾ പങ്കുവച്ചത്.
'പ്രായം കൂടുംതോറും ഛെത്രി ചെറുപ്പമാകുകയാണ്. സത്യസന്ധനായ കളിക്കാരനാണ്. പൂർണമായും പഞ്ചസാരയടങ്ങിയ ഭക്ഷണം അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്.ഐസ്‌ക്രീമുകൾ കഴിച്ചിട്ടുതന്നെ കുറെ നാളുകളായി. പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ കേക്ക് കഴിക്കാൻ പോലും അദ്ദേഹം തയ്യാറാകില്ല. ഇലക്കറികളാണ് ഛെത്രി കൂടുതലും കഴിക്കാറുളളത്. രാവിലെ വ്യായാമം ചെയ്യുന്നതിനോടൊപ്പം ഗ്രീൻ ടീയും കുടിക്കും. മറ്റുളളവരോട് ഇതുതന്നെയാണ് അദ്ദേഹം ഉപദേശിക്കാറുളളത്'- ജിജി ജോർജ് വെളിപ്പെടുത്തി.
കൊൽക്കത്തയിലെ യുവ ഭാരതി ക്രീഡാംഗണിൽ കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ടാണ് ഛെത്രിയുടെ അന്താരാഷ്ട്ര വിരമിക്കൽ മത്സരം. 19 കൊല്ലത്തെ ഗോളടിക്കാലത്തിന് ശേഷം കളിക്കളത്തോട് വിടപറയുന്ന ഇന്ത്യൻ ഫുട്ബാളിന്റെ ക്യാപ്റ്റനെ അർഹമായ ആദരവോടെ യാത്ര അയയ്ക്കാൻ ആരാധകരും കൊൽക്കത്തയിലേക്ക് ഒഴുകിയെത്തുകയാണ്. ഇന്ന് രാത്രി ഏഴിന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ എല്ലാം വിറ്റുതീർന്നിരിക്കുന്നു. ഒരിക്കൽക്കൂടി തന്റെ പ്രിയപ്പെട്ട 11-ാം നമ്പർ നീലക്കുപ്പായത്തിൽ ഛെത്രി ഇറങ്ങുമ്പോൾ യുവ ഭാരതിയിൽ ആരാധകർ ഇരമ്പിയാർക്കും.