'മലയാളം പോലും മര്യാദയ്ക്ക് സംസാരിക്കാൻ പറ്റുന്നില്ല, ആരുമായി ബന്ധമില്ലാത്ത സ്ഥാനാർത്ഥി'; അനിലിനെതിരെ പിസി

Thursday 06 June 2024 1:36 PM IST

പൂഞ്ഞാർ: ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ തോൽവിയിൽ പ്രതികരിച്ച് പിസി ജോർജ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മലയാളം പോലും മര്യാദയ്ക്ക് സംസാരിക്കാൻ പറ്റാത്ത സാഹചര്യം അദ്ദേഹത്തിനുണ്ടായിരുന്നെന്ന് പിസി ജോർജ് പറഞ്ഞു. തോമസ് ഐസക്ക് മുൻ ധനകാര്യമന്ത്രിയെന്ന നിലയിൽ ജനകീയനാണ്. ആന്റോ ആന്റണി ഇവിടെ സിറ്റിംഗ് എംപിയാണ്, മൂന്ന് തവണ. എന്നാൽ ആരുമായും ബന്ധമില്ലാത്ത ഒരു ആളാണ് അനിൽ ആന്റണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'തൃശൂരിലെ ക്രിസ്ത്യൻ സമുദായം മുഴുവൻ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു. തിരുവനന്തപുരത്ത ലാറ്റിൻ ക്രിസ്ത്യൻ സമൂഹം ഒഴിച്ച് ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്തു. ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ബിജെപിക്ക് അനുകൂല തരംഗമുണ്ടായി. എന്നാൽ ആ തരംഗം പൂർണമായും മുതലാക്കാൻ പത്തനംതിട്ടയ്ക്ക് കഴിഞ്ഞില്ല. കാരണം, നമ്മുടെ സ്ഥാനാർത്ഥിയ്ക്ക് വന്ന ഒരു അപാകതയാണ്. ഇനി അതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. സംഭവിച്ചുപോയി'.

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നതിൽ സംസ്ഥാന നേതൃത്വത്തിന് അവകാശപ്പെടാനുണ്ടോ എന്ന ചോദ്യത്തിനും പിസി ജോർജ് മറുപടി നൽകി. 'കെ സുരേന്ദ്രൻ നല്ല നേതൃപാഠവമുള്ള നേതാവാണ്. വളരെ ശക്തരായ ഒട്ടേറെ നേതാക്കൾ ബിജെപിയിലുണ്ട്. അവർ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോയാൽ 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 30ൽ കൂടുതൽ സീറ്റ് ബിജെപി നേടിയെടുക്കും'- പിസി പറഞ്ഞു.

അതേസമയം, പിസി ജോർജ് ബിജെപിയിൽ ചേർന്നിട്ടും പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ എൻഡിഎയ്ക്ക് വോട്ടു കുറഞ്ഞത് ചർച്ചയാകുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ പതിനാലായിരത്തിലേറെ വോട്ടുകളാണ് ഇത്തവണ എൻഡിഎയ്ക്ക് നഷ്ടമായത്. ഇത്തവണ പൂഞ്ഞാറിൽ നിന്ന് എൻഡിഎയ്ക്ക് ലഭിച്ചത് 27,053 വോട്ടാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പിസി ജോർജിന് 41851 വോട്ടുകൾ ലഭിച്ചിരുന്നു.

എന്നാൽ മറ്റ് മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് വോട്ടുകൾ വർദ്ധിക്കുകയും ചെയ്തു. എൻഡിഎയ്ക്ക് 2021 നിയമസഭയിൽ 1,99,159 വോട്ടാണ് അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ നിന്നു ലഭിച്ചത്. ഇത്തവണ എൻഡിഎ വോട്ട് 2,34, 406 ആയി ഉയർന്നു. ശബരിമല വിഷയം ചർച്ചയായ 2019ൽ ലഭിച്ചത് 2,97, 396 വോട്ടാണ്. ഇത്തവണ അറുപതിനായിരത്തിലേറെ വോട്ടുകൾ കുറഞ്ഞു. എന്നാൽ, എൻഡിഎയുടെ അടിസ്ഥാന, രാഷ്ട്രീയ വോട്ടുകൾ കുറഞ്ഞിട്ടില്ലെന്ന് ബിജെപി കേന്ദ്രങ്ങൾ പറയുന്നു.

Advertisement
Advertisement