മാലിദ്വീപിൽ നിന്ന് പാട്ടിലൂടൊരു നന്ദി

Friday 07 June 2024 12:23 AM IST

ആലുവ: പരിചിതമല്ലാത്ത ഭാഷയിൽ ഒരു സ്ത്രീ പാടുന്നത് കേട്ട് ആലുവ രാജഗിരി ആശുപത്രിയിലെ കാൻസർ ഡേ കെയർ വാർഡിലുണ്ടായിരുന്നവർ അമ്പരന്നു. മാലിദ്വീപിൽ നിന്നെത്തിയ ഐഷത്താണ് ദിവേഗി ഭാഷയിൽ സ്വന്തമായി തയ്യാറാക്കിയ പാട്ടുമായി ചുറ്റും കൂടിയവരെ അത്ഭുതപ്പെടുത്തിയത്. കാൻസർ രോഗിയായ ഭർത്താവ് മുഹമ്മദ് ഹുസൈന് മികച്ച ചികിത്സ നൽകിയതിന് രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും നന്ദി അറിയിച്ചായിരുന്നു ഐഷയുടെ പാട്ട്. എഴുതിയത് മാത്രമല്ല ഈണം നൽകിയതും ഐഷ തന്നെ. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ദ്ധ ചികിത്സ തേടിയാണ് ഭർത്താവുമായി ഐഷ രാജഗിരിയിലെത്തിയത്.

സീനിയർ കരൾ രോഗ വിദ്ഗദനായ ഡോ. ജോൺ മെനാച്ചേരി കരൾ മാറ്റിവെക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും യോജിച്ച ദാതാവിനെ കണ്ടെത്താനായില്ല. ഇതിനിടെ ശ്വാസകോശത്തെ അർബുദം ബാധിച്ചു. തുടർന്ന് ഓങ്കോളജി വിഭാഗം മേധാവി ഡോ. സഞ്ചു സിറിയകിന്റെ നേതൃത്വത്തിൽ ചികിത്സ. കീമോയിലൂടെ രോഗത്തിന്റെ വ്യാപനം പിടിച്ച് നിർത്തി. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു ഇരുവരും നാട്ടിലേക്ക് മടങ്ങി.

തുടർപരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ഭർത്താവുമൊത്ത് ആശുപത്രിയിലെത്തിയപ്പോഴാണ് ഐഷ പാട്ടുപാടി നന്ദിയറിയിച്ചത്.

Advertisement
Advertisement