വെട്ടിവെളുപ്പിക്കൽ വേണ്ട,​ വനംവകുപ്പിന്റെ മരംവെട്ടിന് ഹൈക്കോടതിയിൽ തിരിച്ചടി

Friday 07 June 2024 12:28 AM IST

കൊച്ചി: വനംവകുപ്പിന്റെ ഇടപ്പള്ളി മണിമല റോഡ് വളപ്പിലെ വൃക്ഷങ്ങൾ സംരക്ഷിക്കാനും ഹരിതമേഖല വിപുലമാക്കി വംശനാശ ഭീഷണി നേരിടുന്ന അപൂർവയിനം വൃക്ഷത്തൈകൾ നടാനും ഹൈക്കോടതി ഉത്തരവ്. വനംവകുപ്പ് നൽകിയ സത്യവാങ്മൂലം കണക്കിലെടുത്ത് ജസ്റ്റിസ് ടി.ആർ. രവി ഹർജി തീർപ്പാക്കി. 59 വൻമരങ്ങൾ വെട്ടിനീക്കി ഓഫീസും ക്വാർട്ടേഴ്സും നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ അഭിഭാഷകനായ ബി.എച്ച്. മൻസൂറാണ് കോടതിയെ സമീപിച്ചത്. മരങ്ങൾ മുറിക്കാതെ പറിച്ചുനടാനാവുമോ എന്നതടക്കമുള്ള സാദ്ധ്യതകളെക്കുറിച്ച് കോടതി ആരാഞ്ഞിരുന്നു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (കെ.എഫ്.ആർ.ഐ) ഡോ. പി. സുജനപാൽ, തൃശൂർ വെള്ളാനിക്കര ഫോറസ്ട്രി കോളേജിലെ ഡോ. ടി.കെ. കുഞ്ഞാമു എന്നിവരുടെ പഠന റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് വനംവകുപ്പ് തീരുമാനമെടുത്തത്.

ഇൻസ്‌പെക്‌ഷൻ ബംഗ്ലാവിനും ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിനും പിന്നിലായി ഓഫീസ് സമുച്ചയം മാത്രം നിർമ്മിക്കാമെന്നാണ് വനംവകുപ്പിന്റെ സത്യവാങ്മൂലം. ഇതിനായി 6 മരങ്ങളേ മുറിക്കേണ്ടി വരൂ. ക്വാർട്ടേഴ്സ് 21 കിലോമീറ്റർ അകലെയുള്ള നെടുമ്പാശേരിയിലെ സുവർണോദ്യാനത്തിൽ പണിയും.
ഇടപ്പള്ളിയിൽ ഓഫീസ് സമുച്ചയ നിർമ്മാണശേഷം സാമൂഹിക വനവത്കരണ വിഭാഗം ഓഫീസും റേഞ്ച് ഓഫീസും പ്രവർത്തിക്കുന്ന രണ്ടു താത്കാലിക കെട്ടിടങ്ങൾ പൊളിച്ചുനീക്കി അവിടം ഹരിതമേഖലയാക്കും. മുറിക്കുന്ന ആറുമരങ്ങൾക്ക് പകരം കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കും. രണ്ടുവീതം മണിമരുതും മഴമരവും ഓരോ വെള്ള പൈനും മഹാഗണിയുമാണ് മുറിക്കേണ്ടിവരിക.

60ലേറെ ഇനം പക്ഷികളുടെ ആവാസകേന്ദ്രം
കൂറ്റൻ മരങ്ങളും മുളങ്കാടുകളുമുള്ള ഇടപ്പള്ളി വനംവകുപ്പ് വളപ്പ് അറുപതിലേറെ ഇനം പക്ഷികളുടെ ആവാസകേന്ദ്രമാണ്. പക്ഷികളുടെ പട്ടിക ഇവിടെ പ്രദർശിപ്പിച്ചിട്ടുമുണ്ട്.

പുറത്തുകൊണ്ടുവന്നത്

കേരളകൗമുദി

വനംവകുപ്പ് ക്യാമ്പസിലെ മരങ്ങൾ വെട്ടിനീക്കി കെട്ടിടം പണിയാനുള്ള നീക്കം പുറത്തുകൊണ്ടുവന്നത് കേരളകൗമുദിയാണ്. 16കോടി രൂപയുടേതായിരുന്നു പദ്ധതി. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ സാമൂഹിക വനവത്കരണ വിഭാഗം ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസും ക്വാട്ടേഴ്സും മറ്റും പണിയുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ ഫെബ്രുവരി 22ന് ഇതുസംബന്ധിച്ച വിശദറിപ്പോർട്ട് നൽകിയതിനെ തുടർന്ന് സംഭവം വിവാദമായിരുന്നു. തുടർന്ന് വിവിധ സംഘടനകൾ രംഗത്തെത്തുകയും നിയമനടപടികൾക്കു തുടക്കം കുറിക്കുകയും ചെയ്തു.

മുറിച്ചുമാറ്റേണ്ടി വരിക

2 മണിമരുത്

2 മഴമരം

1വെള്ളപൈൻ

1മഹാഗണി

Advertisement
Advertisement