സങ്കടത്തോടെ സലാം സുനിൽ, അവസാന മത്സരത്തിൽ സുനിൽ ഛെത്രിക്ക് ഗോളില്ലാസമനിലയുടെ സങ്കടം

Friday 07 June 2024 4:06 AM IST

കൊൽക്കത്ത : അവസാന മത്സരത്തിൽ ടീമിനെ വിജയത്തിലെത്തിക്കാനാകാത്ത വിഷമത്തോടെ 19 കൊല്ലം തന്റെ നെഞ്ചോടൊട്ടിക്കിടന്ന ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ കുപ്പായമൂരിവച്ച് സുനിൽ ഛെത്രി. ഇന്നലെ കൊൽക്കത്ത സാൾട്ട്‌ലേക്കിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ട മത്സരത്തിൽ കുവൈറ്റിനോട് ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു ഇന്ത്യ. ഇതോടെ ചരിത്രത്തിലാദ്യമായി ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാമെന്ന ഇന്ത്യൻ മോഹവും തുലാസിലായി. മത്സരശേഷം തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ വിങ്ങുന്ന മനസുമായി ഗ്രൗണ്ടിനെ വലംവച്ച് നന്ദിയറിയിച്ചാണ് ഛെത്രി മടങ്ങിയത്.

2005 ജൂൺ 12ന് ക്വെറ്റയിലെ അയൂബ് സ്റ്റേഡിയത്തിൽ പാകിസ്ഥാനെതിരെ ഗോളടിച്ചുതുടങ്ങിയ സപര്യ കൊൽക്കത്തയിൽ അവസാനിപ്പിക്കുമ്പോൾ അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമൻ എന്ന ചരിത്രനേട്ടത്തിന് ഉടമയാണ് 39കാരനായ സുനിൽ ഛെത്രി. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുകയും ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയും ചെയ്ത താരമായ ഛെത്രി ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ നായകനുമായിരുന്നു.151 മത്സരങ്ങളിൽ നിന്ന് 94 ഗോളുകളാണ് ഛെത്രി അടിച്ചുകൂട്ടിയത്.

39-ാവയസിലും ശാരീരികക്ഷമതയിൽ ഒരു കുറവും വരുത്താത്ത ഛെത്രിക്ക് ഇന്ത്യയ്ക്ക് വേണ്ടി ഇനിയും തുടർന്നു കളിക്കാമായിരുന്നെങ്കിലും പുതുതലമുറയ്ക്കായി വഴിമാറുകയായിരുന്നു. അതിന് വേദിയായി തിരഞ്ഞെടുത്തത് തന്റെ ജീവിത പങ്കാളി സോനത്തെ ആദ്യമായി കണ്ട കൊൽക്കത്ത നഗരത്തെയും. പ്രിയ നായകന് യാത്ര അയപ്പ് നൽകാൻ ഇന്നലെ സാൾട്ട് ലേക്കിലേക്ക് ആരാധകർ ഒഴുകിയെത്തിയിരുന്നു. അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചെങ്കിലും ക്ലബ് ഫുട്ബാളിൽ രണ്ട് സീസണുകൾ കൂടി ബെംഗളുരു എഫ്.സിയു‌ടെ കുപ്പായത്തിൽ തുടരുമെന്ന് ഛെത്രി അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement