നീറ്റ്: മാർക്കും റാങ്കും തമ്മിലുള്ള അന്തരം വിലയിരുത്തണം

Friday 07 June 2024 12:00 AM IST

നീറ്റ് യു.ജി പരീക്ഷയിൽ കേരളത്തിൽ യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം 75362 ആണ്. ദേശീയതലത്തിലിത് 1165904 ആണ്. സീറ്റുകളുടെ എണ്ണം കേരളത്തിൽ താരതമ്യേന മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. കേരളത്തിൽ 12 സർക്കാർ മെഡിക്കൽ കോളേജുകളിൽ 1755 ഉം, 21 സ്വാശ്രയ മെഡിക്കൽ കോളേജുകളിലായി 2750 ഉം എം.ബി.ബി.എസ് സീറ്റുകളുണ്ട്. മൊത്തം സീറ്റുകളുടെ എണ്ണം 4505 ആണ്.

നീറ്റ് യു.ജി 2024 പരീക്ഷാ റാങ്കിൽ നീറ്റ് മാർക്കുമായി താരതമ്യപ്പെടുത്തുമ്പോൾ മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ അന്തരമുണ്ട്. പരീക്ഷ എളുപ്പമായതും തെറ്റായ ചോദ്യത്തിന് ഉത്തരമെഴുതിയവർക്ക് കോടതിയുടെ നിർദ്ദേശപ്രകാരം ഗ്രേസ് മാർക്ക് നൽകിയതും റാങ്ക് നിലവാരത്തിൽ വൻ വർദ്ധനക്ക് ഇടവരുത്തിയിട്ടുണ്ട്. 700 മാർക്ക് ലഭിച്ചവരുടെ റാങ്ക് കഴിഞ്ഞ വർഷം 300- 400 ന് ഇടയിലായിരുന്നെങ്കിൽ, ഈ വർഷം 2000-ൽ അധികമാണ്. 2023-ൽ 560 മാർക്കിന്റെ റാങ്ക് 60000 ആയിരുന്നെങ്കിൽ 2024-ൽ ഇത് 132000-ൽ അധികമാണ്.

സംസ്ഥാന ലിസ്റ്റ് പ്രധാനം

...................................................

വിദ്യാർത്ഥികളും രക്ഷിതാക്കളും കൗൺസലിംഗിനുമുമ്പ് മുൻ വർഷങ്ങളിലെ മാർക്ക്, റാങ്ക്, അവസാന റാങ്ക് എന്നിവ വിലയിരുത്തിയാണ് ചോയ്‌സ് ഫില്ലിംഗിൽ പങ്കെടുത്തിരുന്നത്. എന്നാൽ, ഈ വർഷം റാങ്കിലുള്ള അന്തരം വിലയിരുത്തി തീരുമാനമെടുക്കാൻ രക്ഷിതാക്കളും വിദ്യാർത്ഥികളും തയ്യാറാകണം. കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റനുസരിച്ചാണ് പ്രവേശനം നടക്കുന്നത്. ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ മാത്രമേ പ്രവേശന സാദ്ധ്യതയുള്ള കോളേജുകളെക്കുറിച്ചും കോഴ്‌സുകളെക്കുറിച്ചും വ്യക്തമായ ധാരണ ലഭിക്കൂ. സർക്കാർ, ഇ.എസ്.ഐ, ഡീംഡ്, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അഖിലേന്ത്യ, അയൽ സംസ്ഥാന പ്രവേശനത്തിലും ഇത്തരം അവ്യക്തത നിലനിൽക്കുന്നു.

ഒരുപക്ഷേ, എയിംസിലും, എ.എഫ്.എം.സിയിലും 2024- ലെ പ്രവേശനത്തിന് മുൻ വർഷങ്ങളിലെ അവസാന റാങ്കിനെ അപേക്ഷിച്ച് 10 ശതമാനത്തോളം അധികം മാർക്ക് വേണ്ടിവന്നേക്കാം. കേരളത്തിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ മുൻ വർഷങ്ങളിലെ റാങ്ക് നിലവാരത്തിനനുസരിച്ച് പ്രവേശനം ലഭിക്കുമെന്ന് കരുതുന്നവർക്ക് സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിക്കാനാണ് സാദ്ധ്യത.

ബി.ഡി.എസ്, ആയുർവേദം, ഹോമിയോപ്പതി, വെറ്ററിനറി സയൻസ്, കാർഷിക, ഫിഷറീസ് കോഴ്‌സുകളുടെ പ്രവേശനത്തിലും മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഉയർന്ന റാങ്ക് വേണ്ടിവരും. അതിനാൽ മാർക്ക് വിലയിരുത്തി ഏതു കോഴ്‌സിന് അഡ്മിഷൻ ലഭിക്കുമെന്ന് കണക്കാക്കുന്നത് ഇപ്പോൾ ബുദ്ധിമുട്ടായിരിക്കും.

Advertisement
Advertisement