ആരാധനാലയങ്ങൾ ഒഴിപ്പിക്കൽ സർക്കാരിനെ വെട്ടിലാക്കും, കോടതി ഉത്തരവിന് വരുദ്ധമായി സർക്കാർ ഉത്തരവ്

Friday 07 June 2024 12:00 AM IST

തിരുവനന്തപുരം: സർക്കാർ ഭൂമി കൈയേറി അനധികൃതമായി നിർമ്മിച്ചിട്ടുള്ള ആരാധനാലയങ്ങൾ ഒഴിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന മേയ് 30ലെ ഹൈക്കോടതി ഉത്തരവ് സർക്കാരിന് കുരുക്കായി. ഹൈക്കോടതി രജിസ്ട്രാർ ജനറലിന് റിപ്പോർട്ട് നൽകാനാണ് ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുള്ളത്.

ഉത്തരവ് നടപ്പാക്കാൻ രണ്ടാണ് പ്രതിസന്ധി. ആരാധനാലയങ്ങൾ നിർമ്മിച്ചിട്ടുള്ളവരിൽ വിവിധ ജാതി,മത സംഘടനകളും ഉൾപ്പെടുമെന്നതാണ് ഒന്നാമത്തെ വെല്ലുവിളി. മതിയായ രേഖകളില്ലാതെ ആരാധനാലയങ്ങളുടെ പേരിൽ നിലനിൽക്കുന്ന ഭൂമി പതിച്ചുകൊടുക്കാൻ 2020 ജനുവരി 29 ന് സംസ്ഥാന റവന്യു വകുപ്പ് ഇറക്കിയ ഉത്തരവാണ് രണ്ടാമത്തെ വെല്ലുവിളി.

അനധികൃതമായി കൈയേറി നിർമ്മിച്ചിട്ടുള്ള ആരാധനാലയങ്ങൾ കണ്ടെത്തി ഒഴിപ്പിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർ അതിന്റെ പട്ടിക നൽകണമെന്ന് 1999-ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് കൃത്യമായി പാലിക്കപ്പെട്ടില്ല. താലൂക്ക് തലത്തിൽ അന്ന് കൈയേറ്റങ്ങളുടെ കണക്ക് എടുത്തിരുന്നു. പക്ഷേ, ഒഴിപ്പിക്കൽ നടന്നില്ല. റവന്യു വകുപ്പ് ഇതു സംബന്ധിച്ചുള്ള ശരിയായ കണക്കുകൾ സൂക്ഷിച്ചിട്ടുമില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ മറവിൽ മതിയായ രേഖകളില്ലാതെ കൈവശം വച്ചിട്ടുള്ള ഭൂമി പതിച്ചുകൊടുക്കാൻ റവന്യു വകുപ്പ് ഉത്തരവിറക്കിയത്.

ആരാധനാലയങ്ങളും ശ്മശാനങ്ങളും വിവിധ കലാ സാംസ്കാരിക സംഘടനകളും വായനശാലകളും ചാരിറ്റബിൾ സംഘടനകളും കൈവശം വച്ചിട്ടുള്ളതും കൈയേറിയതുമായ ഭൂമി പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. കൃത്യമായ നിബന്ധനകൾ ഉൾപ്പെടുത്തിയുള്ള ഈ ഉത്തരവു നിലനിൽക്കെ കൈവശക്കാരെ എങ്ങനെ ഒഴിപ്പിക്കുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചോദിക്കുന്നത്. ഇത്തരം ഭൂമിയിൽ അതത് ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടുന്ന ഏറ്റവും കുറഞ്ഞ അളവിലുള്ള ഭൂമി പതിച്ചു നൽകാമെന്നാണ് ഉത്തരവിൽ പറയുന്നത്. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയുണ്ടെങ്കിൽ അതൊഴിവാക്കണമെന്നും പരമാവധി പതിച്ചു നൽകാവുന്ന ഭൂമി ഒരേക്കറാണെന്നുംഉത്തരവിലുണ്ട്.

2020ലെ ഉത്തരവിലുള്ള പ്രധാന നിബന്ധനകൾ

1. ആരാധനാലയങ്ങളും ശ്മശാനങ്ങളും ഇപ്പോഴും നിലവിലുള്ളതാവണം.

2. കൃത്യമായ വരവുചെലവ് കണക്കുകൾ സൂക്ഷിച്ചിട്ടുള്ളതാവണം.

3. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുമുതൽ കൈവശം വച്ചിട്ടുള്ളതാണെന്ന രേഖ ഉണ്ടെങ്കിൽ നിലവിലെ ന്യായവിലയുടെ 10 ശതമാനം ഈടാക്കി പതിച്ചുനൽകാം

4. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും കേരളപ്പിറവിക്കു മുമ്പും കൈവശമുള്ളതാണെങ്കിൽ ന്യായവിലയുടെ 25 ശതമാനവും കേരളപ്പിറവിക്ക് ശേഷവും 1990 ജനുവരി ഒന്നിന് മുമ്പും കൈവശമുള്ളതാണെങ്കിൽ ന്യായവില ഈടാക്കിയും പതിച്ചു നൽകാം.

Advertisement
Advertisement