കർണാടകയിൽ നിന്ന് കബനി കടന്നെത്തിയ കാട്ടാനകളെ നാട്ടുകാർ തുരത്തി

Friday 07 June 2024 12:56 AM IST
കബനികടനെത്തിയ കാട്ടാനകളെ നാട്ടുകാർ തുരത്തുന്നു

പുൽപ്പള്ളി: കബനി കടന്ന് കേരളതീരത്തെത്തിയ കാട്ടാനകളെ നാട്ടുകാരും വനപാലകരും ചേർന്ന് തുരത്തി. മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവിലാണ് കർണാടക വനത്തിൽ നിന്ന് ഇറങ്ങിയ കാട്ടാന ഇന്ന് പുലർച്ചെ എത്തിയത്. ഏറെനേരത്തെ പ്രയത്നങ്ങൾക്കൊടുവിലാണ് രണ്ട് കൊമ്പനാനകളെ തിരികെ വനത്തിലേയ്ക്ക് കടത്തിവിട്ടത്. ബൈരക്കുപ്പയ്ക്കടുത്ത കർണാടക വനത്തിൽ നിന്നാണ് കാട്ടാനകൾ കബനി കടന്ന് മരക്കടവിലെ തുരുത്തിലെത്തിയത്.

ആനകൾ കബനി കടന്ന് കർണാടകയിലേയ്ക്ക് പ്രവേശിക്കുന്നത് മറുകരയിലുള്ളവർ തടഞ്ഞു. പടക്കം പൊട്ടിച്ചും കൂവിവിളിച്ചും ആനകൾ തിരികെ എത്താതിരിക്കാൻ ശ്രമിച്ചു. പുഴയുടെ നടുവിലെത്തിയ ആനകൾ വീണ്ടും കേരളതീരത്തേയ്ക്ക് തന്നെ പിന്നീടെത്തി. വനപാലകരും നാട്ടുകാരും തുരുത്തിൽ എത്തിയ കാട്ടുകൊമ്പൻമാരെ പടക്കം പൊട്ടിച്ചും ഒച്ചയുണ്ടാക്കിയുമാണ് തിരികെ കർണാടകയിലേയ്ക്ക് തന്നെ കയറ്റിവിട്ടത്. ഈ പ്രദേശത്ത് ഫെൻസിംഗ് ഫലപ്രദമല്ലാത്തതാണ് ആനകൾ കേരളതീരത്തേയ്ക്ക് എത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മഴക്കാലത്തിന് മുമ്പ് പ്രദേശത്തെ ഫെൻസിംഗ് കാര്യക്ഷമമാക്കിയില്ലെങ്കിൽ ആനകൾ വീണ്ടും ഈ ഭാഗത്തേക്ക് എത്തുമെന്ന് പഞ്ചായത്ത് അംഗം ജോസ് നെല്ലേടം പറഞ്ഞു.

തൂക്ക് ഫെൻസിംഗിന്റെ തൂണുകൾ ചവിട്ടി മറിച്ചാണ് ആനകൾ കൃഷിയിടങ്ങളിലേക്ക് വരുന്നത്. വ്യാപക കൃഷിനാശമാണ് കാട്ടാനകൾ വരുത്തുന്നത്. ആനശല്യം മൂലം പലരും കൃഷി ഉപേക്ഷിച്ചിരിക്കുകയുമാണ്. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement