കാൻഡിയറിന്റെ 15 ശതമാനം ഓഹരികൾ കൂടി കല്യാൺ ജുവലേഴ്‌സിന്

Friday 07 June 2024 12:31 AM IST

കൊച്ചി: പ്രമുഖ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാൻഡിയറിന്റെ 15 ശതമാനം ഓഹരികൾ കൂടി കല്യാൺ ജുവലേഴ്‌സ് സ്വന്തമാക്കി. കാൻഡിയറിന്റെ സ്ഥാപകൻ രൂപേഷ് ജെയിനിന്റെ പക്കൽ അവശേഷിച്ച ഓഹരികളാണ് 42 കോടി രൂപയ്ക്ക് വാങ്ങിയത്. ഇതോടെ കല്യാൺ ജുവലേഴ്‌സിന്റെ സമ്പൂർണ ഉപകമ്പനിയായി കാൻഡിയർ മാറി.

2017ലാണ് കല്യാൺ ജുവലേഴ്‌സ് കാൻഡിയറിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഇകൊമേഴ്‌സ് ബിസിനസ് രംഗത്തേയ്ക്ക് പ്രവേശിച്ചത്. ഓൺലൈൻ ആഭരണവിൽപ്പനയുമായി 2013ൽ തുടക്കമിട്ട കാൻഡിയറിനെ കല്യാൺ ജുവലേഴ്‌സ് ഏറ്റെടുത്തതോടെ മികച്ച വളർച്ചയാണ് നേടിയത്. 2023-24 സാമ്പത്തികവർഷത്തിൽ കാൻഡിയറിന്റെ വാർഷിക വരുമാനം 130.3 കോടി രൂപയായിരുന്നു.

ഉപയോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഹൈപ്പർ ലോക്കൽ ഉപഭോക്തൃബ്രാൻഡായി വളരാൻ കഴിഞ്ഞെന്ന് കല്യാൺ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കാൻഡിയറിലൂടെ ലൈറ്റ് വെയ്‌റ്റ്, ഫാഷൻ ഫോർവേഡ്, മികച്ച രൂപകൽപ്പനകൾ എന്നിവ അവതരിപ്പിക്കാനാണ്ലക്ഷ്യമിടുന്നത്.

Advertisement
Advertisement