കാലവർഷം കനിഞ്ഞില്ല: മുതലമടയിൽ കുടിവെള്ളം കിട്ടാക്കനി

Friday 07 June 2024 12:39 AM IST

മുതലമട: കാലവർഷം ആരംഭിച്ചിട്ടും മുതലമടയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമായി തുടരുന്നു. രണ്ടുമാസത്തോളമായി കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് നാട്ടുകാർ. അടവുമരം, പരുവക്കുളം, ചമ്മണാമ്പതി, മീങ്കര, നീളിപ്പാറ, പത്തിച്ചിറ, പോത്തൻപാടം, സ്രാമ്പിച്ചള്ള, പഴയപാത, മിനക്കംപാറ തുടങ്ങിയയിടങ്ങളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. ഏക ആശ്രയമായിരുന്ന ജലനിധി കുടിവെള്ള പദ്ധതി വറ്റിവരണ്ടതിനാൽ പൂർണ്ണമായും ജലവിതരണം നിറുത്തിയിട്ടുണ്ട്.
രണ്ടുമാസത്തോളമായി പഞ്ചായത്ത് ടാങ്കർ ലോറി കുടിവെള്ള വിതരണം ചെയ്‌തെങ്കിലും അത് കഴിഞ്ഞ മാസത്തോടെ നിറുത്തി. നിലവിൽ ഏക ആശ്രയം ചുള്ളിയാർ ഡാമിൽ ചെളിയും മണലും നീക്കി ഡാം ആഴം കൂട്ടാൻ കരാറെടുത്ത കമ്പനി ടാങ്കർ ലോറിയിലെത്തിക്കുന്ന കുടിവെള്ളമാണ്. രണ്ട് ടാങ്കർ ലോറികൾ മുഴുവൻ സമയവും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം നടത്തിവരുന്നു. മിക്ക സ്ഥലങ്ങളിലും മീങ്കര കുടിവെള്ള പദ്ധതിയുടെ കണക്‌ഷൻ ഉണ്ടെങ്കിലും വെള്ളം എത്താറില്ല. വേനൽ കടുത്തതോടെ പഞ്ചായത്തിലെ മിക്ക കിണറുകളും ഡാമുകളും കുളങ്ങളും വറ്റിവരണ്ടു. കാലവർഷം തുടങ്ങിയിട്ടും മഴ ലഭിക്കാത്തത് കനത്ത തിരിച്ചടിയാണ്. കുടിവെള്ളക്ഷാമം പരിഹരിക്കാൻ വേണ്ട നടപടികൾ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധ സമരത്തിലേക്ക് പോകുമെന്ന് നാട്ടുകാർ പറഞ്ഞു.

'നിലവിൽ മീങ്കരയിലേക്ക് ഇറക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടണം. മീങ്കര ഡാമിൽ നിന്നും ഒരടി വെള്ളമെങ്കിലും അടിയന്തരമായി തുറന്ന് പുഴയിൽ വെള്ളമെത്തിക്കേണ്ടതുണ്ട്. കർഷകർക്ക് ഞാറ്റടി ഒരുക്കുന്നതിനും കൃഷി സമയബന്ധിതമായി തുടരുന്നതിനും വെള്ളമെത്തിക്കേണ്ടത് അനിവാര്യമാണ്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചിറ്റൂർ പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജീനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പി.കൽപ്പനാദേവി, പഞ്ചായത്ത് പ്രസിഡന്റ്

കുടിവെള്ളത്തിന്റെ കാര്യത്തിൽ പോലും കൃത്യമായ നടപടി എടുക്കാൻ അധികാരികൾക്ക് കഴിയുന്നില്ലെന്നത് നിരാശാജനകമാണ്. കരാർ കമ്പനി എത്തിക്കുന്ന കുടിവെള്ളമില്ലെങ്കിൽ ജനങ്ങൾ പൊറുതിമുട്ടും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് പരാതി നൽകും. പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കും
ചാമിമല,​ സ്രാമ്പിച്ചള്ള, മുതലമട

Advertisement
Advertisement