ഇന്ത്യ സഖ്യത്തിന് 233 എം.പിമാർ

Friday 07 June 2024 3:47 AM IST

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സാംഗ്ലി ലോക്‌സഭാ സീറ്റിൽ നിന്ന് വിജയിച്ച കോൺഗ്രസ് വിമത സ്ഥാനാർത്ഥി വിശാൽ പാട്ടീൽ 'ഇന്ത്യ' സഖ്യത്തിനും മഹാ വികാസ് അഘാഡിക്കും പിന്തുണ പ്രഖ്യാപിച്ചു. ഇന്നലെ ഡൽഹിയിലെത്തി സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചാണ് പിന്തുണ അറിയിച്ചത്. ഖാർഗെയ്‌ക്ക് പിന്തുണ കത്തും നൽകി. ഇതോടെ 'ഇന്ത്യ' സഖ്യത്തിന് ലോക്‌സഭയിൽ 233 അംഗങ്ങളായി.

വിശാൽ പാട്ടീലിന്റെ പിന്തുണയോടെ ലോക്‌സഭയിൽ കോൺഗ്രസിന്റെ അംഗബലം 100 ആയെന്ന് അദ്ദേഹത്തിന്റെ ഉപദേശകനും കോൺഗ്രസ് എം.എൽ.എയുമായ വിശ്വജീത് കദം പറഞ്ഞു. ഉദ്ധവ് താക്കറെയുടെ ശിവസേനയ്‌ക്ക് സാംഗ്ളി സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് മുൻ മുഖ്യമന്ത്രി വസന്ത്ദാദ പാട്ടീലിന്റെ ചെറുമകനായ വിശാൽ പാട്ടീൽ വിമതനായി മത്സരിച്ച് ബി.ജെ.പിയുടെ സിറ്റിംഗ് എം.പി സഞ്ജയ്‌കാക്ക പാട്ടീലിനെ തോൽപ്പിച്ചത്. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ നാളെ എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരും.

Advertisement
Advertisement