കോഴിക്കോടിന്റെ ഹൃദയം കവർന്ന് എം.കെ. രാഘവൻ

Friday 07 June 2024 2:47 AM IST

കോഴിക്കോട്: കണ്ണൂരിൽ നിന്നും കോഴിക്കോട്ടെത്തി സാമൂതിരിയുടെ തട്ടകത്തിന്റെ ഹൃദയം കവർന്നിരിക്കുകയാണ് നാലാംവട്ടവും എം.കെ. രാഘവൻ. ഭാവി അജണ്ടകളെക്കുറിച്ചടക്കം അദ്ദേഹം സംസാരിക്കുന്നു.

കല്യാണവീട്ടിലും മരണവീട്ടിലുമൊക്കെ പോകുന്ന എം.പിയെന്നാണല്ലോ പ്രധാന കളിയാക്കൽ?

അത് ശരിയാണ്. ഞാൻ മണ്ഡലത്തിലെ കല്യാണ വീടുകളിലും മരണവീടുകളിലുമെല്ലാം പോകാറുണ്ട്. അത് കോൺഗ്രസുകാരനാണോ കമ്യൂണിസ്റ്റുകാരനാണോ എന്നൊന്നും നോക്കാറില്ല. കേവലം വോട്ടുചോദിക്കാൻ വേണ്ടിമാത്രം അവരുടെ വീടുകളിൽ എത്തിയാൽപോര. അവരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും കൂടെ നിൽക്കണം. അതൊരു കുറച്ചിലായി കാണുന്നില്ല. ഒരുപക്ഷേ, നാലാംതവണയും ജനം എന്നെ ഹൃദയത്തോട് ചേർത്തു വച്ചതിന് പിന്നിൽ അതും ഒരു ഘടകമാണ്.

കോഴിക്കോട്ടെ തേരോട്ടത്തെക്കുറിച്ച്?

2009ൽ കോഴിക്കോട്ടുകാർക്ക് ഞാൻ പുതുമുഖമായിരുന്നു. സി.പി.എമ്മിലെ കരുത്തനും ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയുമായിരുന്നു അന്നത്തെ എതിരാളി. എന്നിട്ടും ജയിച്ചു. ആ അഞ്ചുവർഷം പൂർണമായും ജനങ്ങളിലേക്കിറങ്ങി. അടുത്ത തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 16,883. 2019ൽ 85,225. ഇത്തവണ 1,46,176. ജനങ്ങൾ രാഷ്ട്രീയത്തിനപ്പുറത്ത് കൂടെനിന്നു എന്നതിന് തെളിവാണിത്.

അടുത്ത അഞ്ചുവർഷം പ്ലാൻ ചെയ്യുന്ന വികസന പദ്ധതികൾ?

എയിംസിനാണ് മുഖ്യ പരിഗണന. സംസ്ഥാന, കേന്ദ്രസർക്കാരുകളെ ചേർത്ത് നിറുത്തി എയിംസ് എത്രയുംപെട്ടെന്ന് യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ വികസനവും വിമാനത്താവള വികസനവും റെയിൽവേസ്‌റ്റേഷൻ നവീകരണവുമെല്ലാം പ്രധാനമാണ്. സർക്കാർ കണ്ണൂർ അഴീക്കൽ തുറമുഖത്തിന് മുഖ്യ പരിഗണന നൽകുമ്പോൾ ബേപ്പൂർ പിറകിലേക്കോടുകയാണ്. അത് മാറ്റിയെടുക്കണം. കാർഷിക, ക്ഷീരകർഷക മേഖലയിലും മലയോരകർഷകരുടെ പ്രശ്‌നങ്ങളിലും ഇടപെടൽ നടത്തണം.

കെ. മുരളീധരനെ കാണാൻ പോയല്ലോ?

രാവിലെതന്നെ പോയി. കെ.മുരളീധരൻ കേരളത്തിലെ കോൺഗ്രസിന്റെ അനിഷേദ്ധ്യനായ നേതാവാണ്. തൃശ്ശൂരിലെ പരാജയം പാർട്ടിക്ക് വലിയ ക്ഷീണമാണ്. ഒരു പ്രതിസന്ധി വന്നപ്പോൾ പാർട്ടി ആവശ്യപ്പെട്ടതുപ്രകാരം സിറ്റിംഗ് സീറ്റ് വിട്ടാണ് മുരളീധരൻ അവിടേക്ക് പോയത്. അദ്ദേഹത്തിന്റെ കാര്യത്തിൽ വലിയ ഉത്തരവാദിത്വം പാർട്ടിക്കുണ്ട്. വയനാട് സീറ്റടക്കം അർഹമായ പരിഗണന മുന്നോട്ടുവച്ച് അദ്ദേഹത്തെ പാർട്ടിയിൽ സജീവമാക്കണം.

Advertisement
Advertisement