ദിനംപ്രതി നടക്കുന്നത് ലക്ഷങ്ങളുടെ കച്ചവടം,​ തമിഴ്‌നാട്ടിൽ നിന്നുൾപ്പെടെ ആൾക്കാർ വിഴിഞ്ഞത്തേക്ക്

Friday 07 June 2024 12:34 AM IST

വിഴിഞ്ഞം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ വിഴിഞ്ഞത്തിന് ചാകരക്കാലം. സീസണെ വരവേൽക്കാൻ മത്സ്യബന്ധന തുറമുഖം ഒരുങ്ങിക്കഴിഞ്ഞു. വലകളുടെ പണികളിലാണ് നിലവിൽ മത്സ്യത്തൊഴിലാളികൾ. പൊലീസ് എയ്ഡ്പോസ്റ്റും തീരത്ത് തയ്യാറാവുകയാണ്. തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളും എത്തിത്തുടങ്ങി. സീസണോടനുബന്ധിച്ച് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ മുഴുവൻ സമയ കൺട്രോൾ റൂം പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

സുരക്ഷയ്ക്കായി ഫിഷറീസ് വകുപ്പിന്റെ മറൈൻ ആംബുലൻസ് 'പ്രതീക്ഷ"യും വിഴിഞ്ഞത്ത് സജ്ജമായിരിക്കും. താത്കാലിക ലൈഫ് ഗാർഡുമാരെയും നിയമിക്കും. ഒരുക്കങ്ങൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് കളക്ടറുടെ നേതൃത്വത്തിൽ യോഗം വിളിക്കും. മത്സ്യബന്ധന തീരത്തു ഇതിനോടകം വള്ളങ്ങൾ നിറഞ്ഞിട്ടുണ്ട്. വേനൽ മഴ ലഭിച്ചതിനാൽ ഏതാനും ദിവസങ്ങളായി വിഴിഞ്ഞത്ത് മത്സ്യം ലഭിക്കുന്നുണ്ട്. സീസൺ ആരംഭിക്കുന്നതോടെ തമിഴ്നാട് അതിർത്തി തീരങ്ങൾ, അഞ്ചുതെങ്ങ്, പൂവാർ, പെരുമാതുറ, പൂന്തുറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ ഇവിടേക്കെത്തും.

തീരം തിരക്കിലമരും

സീസൺ അടുത്ത മാസത്തോടെ ആരംഭിക്കുമെങ്കിലും ജൂൺ മാസത്തെ ട്രോളിംഗ് നിരോധനത്തോടെ തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും കൂടുതൽ മത്സ്യ തൊഴിലാളികൾ വിഴിഞ്ഞത്ത് എത്തിത്തുടങ്ങി.

ആരംഭത്തിൽ

സീസൺ ആരംഭത്തിൽ കൊഞ്ച് ലഭിച്ചു തുടങ്ങും. തുടർന്ന് കണവയും ചെറു മത്സ്യങ്ങളും വാള എത്തുന്നതോടെ സീസൺ തിരശ്ശീല വീഴുകയാണ് പതിവ്. കഴിഞ്ഞ സീസണിൽ തീരത്ത് മത്സ്യ തൊഴിലാളികളുടെ വള്ളങ്ങൾ നിറയെ മീൻ ലഭിച്ചു. ഇത് മത്സ്യബന്ധന മേഖലയിലെ അനുബന്ധ കച്ചവടക്കാർക്കും നല്ലകാലമാണ്.

ലഘു ഭക്ഷണമൊരുങ്ങും

ദൂരദേശത്തു നിന്ന് വരുന്നവർ ഉൾപ്പെടെയുള്ളവർക്കായി താത്കാലിക ലഘു ഭക്ഷണ ശാലകൾ ഒരുങ്ങും. തീരത്തോട് ചേർന്ന വീടുകളിലാകും ഇത്. കൂടാതെ ചൂണ്ട മുതൽ മത്സ്യബന്ധന ഉപകരണങ്ങളുടെ കച്ചവടവും നടക്കും.

Advertisement
Advertisement