ജില്ലാ ആശുപത്രി ഓപ്പറേഷൻ തീയേറ്റ‌ർ 10ന് തുറക്കും

Friday 07 June 2024 12:55 AM IST
കൊല്ലം ജില്ലാ ആശുപത്രിയിലെ നവീകരിച്ച ഓപ്പറേഷൻ തീയേറ്റർ

കൊല്ലം: മാസങ്ങളായി അടഞ്ഞുകിടക്കുന്ന ജില്ലാ ആശുപത്രിയിലെ നവീകരിച്ച ഓപ്പറേഷൻ തീയേറ്റർ ഉടൻ തുറക്കും. ഇതിന്റെ ഭഗാമായി ശസ്ത്രക്രിയകൾ നടത്തിയിരുന്ന വിക്ടോറിയ ആശുപത്രിയിൽ നിന്ന് ഉപകരണങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

തീയേറ്ററിനുള്ളിൽ അണുനശീകരണം പൂർത്തിയാക്കി. ഇതിന്റെ റിപ്പോ‌ർട്ട് അനുകൂലമായതോടെയാണ് ഓപ്പറേഷൻ തീയേറ്റർ തുറക്കാൻ തീരുമാനിച്ചത്. ഉദ്ഘാടനം 10ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നിർവഹിക്കും. അന്ന് മുതൽ ശസ്ത്രക്രിയകൾ തുടങ്ങുമെന്നും ഇതിനായി അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ നവംബറിനാണ് അറ്റകുറ്റ പണികൾക്കായി ഓപ്പറേഷൻ തീയേറ്റർ താത്കാലികമായി അടച്ചിട്ടത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണികൾ. വാ‌ർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അൻപത് ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു നവീകരണം. കാൻസർ രോഗികൾ ഉൾപ്പെടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത്.

വിവിധ ശസ്ത്രക്രിയ സൗകര്യങ്ങൾ

 ജനറൽ സർജറിയിൽ മാറിടത്തിലെയും കുടലിലെയും അർബുദം, തൈറോയ്ഡ്, മൂലക്കുരു സ്റ്റാപ്ലർ, താക്കോൽദ്വാര ശസ്ത്രക്രിയ സൗകര്യങ്ങൾ ലഭ്യമാണ്

 ഓർത്തോയിൽ മുട്ട്, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ, കുട്ടികൾക്കുള്ള എല്ല് ശസ്ത്രക്രിയ

 യൂറോളജിയിൽ പുരുഷഗ്രന്ഥിവീക്കം, മൂത്രാശയക്കല്ല് എന്നിവയ്ക്കും പ്രോസ്ട്രേറ്റ് ക്യാൻസർ, വെരിക്കോസ് സർജറി എന്നിവയ്ക്കുള്ള സൗകര്യം

 ഇ.എൻ.ടിയിൽ കർണപുടം മാറ്റിവയ്ക്കൽ, മൂക്കിന്റെ വളവ് നേരെയാക്കൽ

 നേത്ര വിഭാഗത്തിൽ ഗ്ലൂക്കോമ, കൺപോളകൾക്കുള്ള സർജറി, തിമിര ശസ്ത്രക്രിയ

പ്രതിമാസം സർജറി

400 - 450 വരെ

ജില്ലയിലെ സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സാ സൗകര്യം ഏർപ്പെടുത്തുകയാണ് ലക്ഷ്യം.

പി.കെ.ഗോപൻ, പ്രസിഡന്റ് , കൊല്ലം ജില്ലാപഞ്ചായത്ത്

Advertisement
Advertisement