അടയിരിപ്പുണ്ട് തട്ടിൻപുറത്ത് മയിൽ, വിരിയുന്നതും കാത്ത് കുടുംബം

Friday 07 June 2024 1:03 AM IST

തിരൂർ: വീട്ടിലെ തട്ടിൻപുറത്ത് മുട്ടയിട്ട് അടയിരിക്കുന്ന മയിൽ നാട്ടിൽ ശ്രദ്ധാകേന്ദ്രമായി. തൃപ്രങ്ങോട് കൈനിക്കര ചോലയിൽ ഹംസയുടെ മകൻ മുത്തു എന്ന മുസ്തഫയുടെ വീടിന്റെ തട്ടിൻപുറത്താണ് മയിൽ അടയിരിക്കുന്നത്. മുസ്തഫയുടെ ഉമ്മ ആയിഷുമ്മ വിറകെടുക്കാൻ തട്ടിൻപുറത്തെത്തിയപ്പോഴാണ് ഓലക്കെട്ടിന് മുകളിലായി മയിലിനെ കണ്ടത്. മുട്ടയിട്ട് അടയിരിക്കുകയാണെന്ന് മനസ്സിലായതോടെ മയിലിന് പ്രയാസം സൃഷ്ടിക്കാത്ത രീതിയിൽ സൗകര്യങ്ങളൊരുക്കുകയായിരുന്നു. മുസ്തഫയുടെ ഭാര്യ ഹസ്നയും മക്കളായ ഹംദാനും ഹയാ ഫാത്തിമയും വീട്ടിലെത്തിയ വിരുന്നുകാരിക്ക് ഭക്ഷണവും മറ്റും നൽകുന്നു. ഉച്ചസമയത്ത് ഗോതമ്പും മത്സ്യ അവശിഷ്ടങ്ങളും മയിലിന് തീറ്റയായി നൽകും. ആ സമയത്ത് ഭക്ഷണത്തിനായി മയിൽ താഴെ ഇറങ്ങി വരും. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തകർത്ത് ചെയ്ത മഴയിൽ പുറത്തുപോകാൻ പറ്റാത്ത സ്ഥിതി വന്നതോടെയാണ് വീടിന്റെ തട്ടിൻപുറത്ത് മയിലെത്തിയതെന്ന് സൂചനയുണ്ട്. നിയമപരമായി മയിലിനെ പിടിച്ചുവയ്ക്കാനോ വളർത്താനോ പാടില്ല. അതിനാൽ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. മുട്ടയിട്ടിരിക്കുന്ന മയിലുകളെ ശല്യപ്പെടുത്തേണ്ടെന്നും വിരിഞ്ഞ ശേഷം കൊണ്ടുപോവാമെന്നുമാണ് അധികൃതർ അറിയിച്ചത്. 28 മുതൽ 32 ദിവസം വരെയാണ് മയിൽ അടയിരിക്കുന്ന സമയം. അത് കഴിഞ്ഞാൽ കുഞ്ഞുങ്ങളെയും കൊണ്ട് നേരത്തെയുള്ള ഭാഗത്തേക്ക് പോകുകയാണ് പതിവ്. മുട്ട വിരിഞ്ഞാൽ കുഞ്ഞുങ്ങളെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Advertisement
Advertisement