പാലക്കാട്, ചേലക്കര: സ്ഥാനാർത്ഥി ചർച്ചയ്ക്ക് യു.ഡി.എഫിൽ തുടക്കം

Friday 07 June 2024 2:52 AM IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം.എൽ.എമാർ വിജയിച്ച പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾക്ക് യു.ഡി.എഫിൽ തുടക്കം. ഭരണ വിരുദ്ധ വികാരം മുതലെടുത്ത് രണ്ട് സീറ്റുകളിലും ജയിക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്.

വടകരയിൽ വിജയിച്ച ഷാഫി പറമ്പിൽ പ്രതിനിധാനം ചെയ്യുന്ന പാലക്കാട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ് പരിഗണിക്കപ്പെടുന്നവരിൽ മുന്നിൽ. വി.ടി. ബൽറാം, പി.സരിൻ, പാലക്കാട് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ എന്നിവരും പട്ടികയിലുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കുകൾ പ്രകാരം 9707 വോട്ടുകളാണ് പാലക്കാട്ട് യു.ഡി.എഫ് ഭൂരിപക്ഷം. കോർപ്പറേഷൻ ഭരണം നിലനിറുത്തുന്ന ബി.ജെ.പി ഇവിടെ രണ്ടാം സ്ഥാനത്തെത്തി.

ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണനോട് പരാജയപ്പെട്ട രമ്യ ഹരിദാസിനെ ചേലക്കര മണ്ഡലത്തിൽ പരിഗണിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാൽ പാർട്ടി ജില്ലാനേതാക്കളുമായുള്ള അസ്വാരസ്യം നിലനിൽക്കുന്നുണ്ട്. പരാജയത്തിന് കാരണം രമ്യയുടെ പ്രവർത്തനത്തിലെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ഡി.സി.സി അദ്ധ്യക്ഷൻ രംഗത്ത് വന്നിരുന്നു.

ചേലക്കരയിൽ 5173 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ. രാധാകൃഷ്ണന് ലഭിച്ചത്. 2021ലെ തിരഞ്ഞെടുപ്പിൽ നേടിയ 39400 വോട്ടിന്റെ ഭൂരിപക്ഷമാണ് കുറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതം വലുതായതിനാൽ മികച്ച സ്ഥാനാർത്ഥിയെ സി.പി.എം ഇറക്കും.

Advertisement
Advertisement