കാറിൽ നീന്തൽക്കുളം: റിപ്പോർട്ട് സമർപ്പിച്ചു

Friday 07 June 2024 3:02 AM IST

കൊച്ചി: കാറിൽ നീന്തൽക്കുളമൊരുക്കി റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച സംഭവത്തിൽ വ്ലോഗർ ആലപ്പുഴ കലവൂർ സ്വദേശി സഞ്ജു ടെക്കി എന്ന ടി.എസ്. സജുവിനും സുഹൃത്തുക്കൾക്കുമെതിരായ നടപടി റിപ്പോർട്ട് മോട്ടോർ വാഹനവകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് റിപ്പോർട്ട് നൽകിയത്.

പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതായും നിയമലംഘനം ചൂണ്ടിക്കാട്ടി മണ്ണഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. കാറിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനുള്ള നടപടി ആരംഭിച്ചു. കാറോടിച്ച തോണ്ടൻകുളങ്ങര സ്വദേശി സൂര്യനാരായണന്റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കി.

സഞ്ജു ടെക്കി, സൂര്യനാരായണൻ, കാറിൽ ഒപ്പമുണ്ടായിരുന്ന ആര്യാട് സൗത്ത് സ്വദേശി ജി. അഭിലാഷ് എന്നിവർ എടപ്പാളിലെ ഡ്രൈവേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നുദിവസത്തെ പരിശീലനത്തിന് ഹാജരായി. ഇവർക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒരാഴ്ചത്തെ കമ്മ്യൂണിറ്റി ട്രെയിനിംഗും നിർദ്ദേശിച്ചു. യൂ ട്യൂബിൽ 15.9 ലക്ഷം വരിക്കാരുള്ള വ്ലോഗറാണ് സഞ്ജുവെന്നും 812 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കാറിൽ ഒപ്പമുണ്ടായിരുന്ന സ്റ്റാലിൻ ക്രിസ്റ്റഫറിനെതിരെ നടപടിയെടുത്തതായി റിപ്പോർട്ടിലില്ല.

Advertisement
Advertisement