പ്രതിഭയല്ല, പ്രതിഭാസമാണ്

Friday 07 June 2024 4:17 AM IST

സുനിൽ ഛെത്രിയെക്കുറിച്ച് കൊൽക്കത്തയിൽ നിന്ന് ഐ.എം വിജയൻ എഴുതുന്നു

ഞാൻ കരിയർ അവസാനിപ്പിക്കാൻ തുടങ്ങുമ്പോഴാണ് ഒരു കൊച്ചുചെക്കനായി സുനിൽ ഛെത്രി ഇന്ത്യൻ ടീമിലെത്തുന്നത്. ഞാൻ പോയ ശേഷം ബൂട്ടിയയുടെ കാലം . ബൂട്ടിയ കളമൊഴിഞ്ഞപ്പോഴാണ് ഇന്ത്യൻ ടീമിന്റെ നടുനായക സ്ഥാനത്തേക്ക് ഛെത്രി എത്തുന്നത്. ഇപ്പോഴിതാ ഛെത്രിയും കളമൊഴിഞ്ഞിരിക്കുന്നു.

ജന്മസിദ്ധമായ പ്രതിഭയ്ക്കൊപ്പം കളിയോടുള്ള ആത്മാർത്ഥതയും കഠിനാദ്ധ്വാനവും കൊണ്ടാണ് സുനിൽ ഇതിഹാസമായി മാറിയത്. 19കൊല്ലക്കാലം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നത് ചില്ലറക്കാര്യമല്ല. അതിൽ 13 കൊല്ലവും നായകൻ. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മെസിക്കും പിന്നിൽ ഗോളടിയിൽ ഒരു ഇന്ത്യക്കാരൻ എത്തിയതിൽ നമ്മൾ അഭിമാനിക്കണം. മലയാളി താരങ്ങളായ സഹലിനോടും ആഷിഖ് കുരുണിയനോടും ഞാൻ പലപ്പോഴും പറയാറുണ്ട്, നിങ്ങൾ മാതൃകയാക്കാൻ ലോക ഫുട്ബാളിലെ വലിയ താരങ്ങളെയൊന്നും തേടിപ്പോകേണ്ട, നിങ്ങളുടെ ക്യാപ്ടനെ നോക്കി പഠിച്ചാൽ മതിയെന്ന്. ഈ പ്രായത്തിലും ചെറുപ്പക്കാരേക്കാൾ ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ ഛെത്രി നടത്തുന്ന അദ്ധ്വാനം മാത്രം അനുകരിച്ചാൽ മതിയെന്ന്...

ഛെത്രി പോയാൽ പകരമാര് എന്നതിനെച്ചൊല്ലി ആശങ്കപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നില്ല. കാലത്തിന് അനുസരിച്ച് പ്രതിഭകൾ വരും. ഞാനും ബൂട്ടിയയുമൊക്കെ മടങ്ങിയപ്പോൾ ഛെത്രി ഉണ്ടായില്ലേ, അതുപോലെ പുതിയ ചെക്കൻന്മാർ അവസരം കിട്ടുമ്പോൾ കഴിവ് തെളിയിച്ചു മുന്നോട്ടുവരും. എങ്കിലും ഛെത്രി എന്നത് ഒരു വികാമായിത്തന്നെ മനസിലുണ്ടാവും. അതുകൊണ്ടാണ് അവന്റെ അവസാനമത്സരം കാണാൻ എന്റെ പ്രിയപ്പെട്ട കൊൽക്കത്തയിലേക്ക് വന്നത്. അത് കണ്ടു, മനസ് നിറഞ്ഞു...

Advertisement
Advertisement