നന്ദി,ക്യാപ്‌ടൻ,ലീഡർ,ലെജൻഡ്

Friday 07 June 2024 4:21 AM IST

കൊൽക്കത്ത : ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്കുള്ള പ്രവേശനമെന്ന ചരിത്രനേട്ടം മുന്നിലെത്തിയിട്ടും പ്രയോജനപ്പെടുത്താനാവാതെ പോയ ഇന്ത്യ, സുനിൽ ഛെത്രിയുടെ വിരമിക്കൽ കണ്ണീരുവീണ കൊൽക്കത്തയിൽ കുവൈറ്റിനെതിരെ ഗോൾരഹിത സമനിലകൊണ്ട് തൃപ്തിപ്പെട്ടു.

അവസാന മത്സരത്തിനിറങ്ങിയ സുനിൽ ഛെത്രിക്ക് പന്തെത്തിക്കാൻ ബുദ്ധിമുട്ടിയ മദ്ധ്യനിരയും നിസാരമായ പിഴവുകളിലൂടെ കുവൈറ്റിനെ കയറിക്കളിക്കാൻ പ്രേരിപ്പിച്ച പ്രതിരോധവും മിസ‌് പാസുകളും ചേർന്നാണ് സാൾട്ട് ലേക്കിൽ നീലക്കുപ്പായത്തിൽ നിറഞ്ഞിരുന്ന ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തിയത്.

ആദ്യ പകുതിയിൽ ഭാഗ്യത്തിനാണ് രണ്ട് ഗോളുകളിൽ നിന്ന് ഇന്ത്യ രക്ഷപെട്ടത്. മൂന്നാം മിനിട്ടിൽ തന്നെ കുവൈറ്റിന്റെ അപ്രതീക്ഷിത മുന്നേറ്റം കണ്ടു. സ്വന്തം ഹാഫിൽ നിന്ന് കിട്ടിയ പന്തുമായി മുന്നേറിയ കുവൈറ്റി താരം മൊഹമ്മദ് ദഹാം ഗോളിയേയും വെട്ടിച്ച് ഷൂട്ട് ചെയ്തെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ വലയ്ക്ക് പുറത്തേക്കുപോയി. എട്ടാം മിനിട്ടിൽ കുവൈറ്റിന്റെ മറ്റൊരു ശ്രമം ഇന്ത്യൻ ഗോളി ഗുർപ്രീത് സന്ധു കൈയിലൊതുക്കി.11-ാം മിനിട്ടിൽ ഇന്ത്യയുടെ ആദ്യ ഗോൾമുഖ ആക്രമണം. അനിരുദ്ധ് ഥാപ്പയുടെ ക്രോസിൽ ഛെത്രി കാൽവയ്ക്കും മുമ്പ് കോർണർ വഴങ്ങി കുവൈറ്റി ഡിഫൻഡർ അടിച്ചകറ്റി. കോർണറിന് അൻവർ അലി തലവെച്ചെങ്കിലും പുറത്തേക്ക്. ഇതോടെ ഇന്ത്യൻ നിരയിലേക്ക് ഊർജം തിരിച്ചുകയറി.

13-ാം മിനിട്ടിൽ ലാലിയൻ സുവാല ചാംഗ്തെയുടെ ബൂട്ടിൽ നിന്നൊരു ഷോട്ട് ഗോൾവലയ്ക്ക് മുകളിലൂടെ പറന്നു. 24-ാം മിനിട്ടിൽ ഇന്ത്യൻ പ്രതിരോധത്തെ മുഴുവൻ കബളിപ്പിച്ച കുവൈറ്റിന്റെ മുന്നേറ്റം ഭാഗ്യത്തിന് പോസ്റ്റിന് മുകളിലേക്ക് പറന്നു. ഞൊടിയിടയിൽ ഇന്ത്യ കൗണ്ടർ അറ്റാക്കിലൂടെ കോർണർ നേടിയെങ്കിലും മുതലാക്കാനായില്ല.ആദ്യ 25 മിനിട്ടിൽ ഛെത്രിക്ക് കാര്യമായി നീക്കങ്ങൾ നടത്താനായില്ല. 28-ാം മിനിട്ടിൽ ഒരു ഫ്രീ കിക്കിൽ നേടിയെടുത്ത ഇന്ത്യയുടെ നീക്കങ്ങൾ രാഹുൽ ഭെക്കെയുടെ സൈഡ്നെറ്റ് ഷോട്ടിൽ അവസാനിച്ചു. പിന്നീട് ആദ്യപകുതി അവസാനിക്കുന്നതുവരെ ഇരുഭാഗത്തും കാര്യമായ മുന്നേറ്റങ്ങളുണ്ടായില്ല.

സഹലിനെയും അനിരുദ്ധിനെയും മാറ്റി ബ്രാൻഡൻ ഫെർണാണ്ടസിനെയും റഹിം അലിയേയും ഇറക്കിയാണ് ഇന്ത്യ രണ്ടാം പകുതിയിൽ കളിച്ചത്. തുടക്കത്തിൽതന്നെ കുവൈറ്റിന്റെ ഭാഗത്തുനിന്നുണ്ടായ മുന്നേറ്റം സന്ധു തട്ടിയകറ്റി. പിന്നാലെ ഇന്ത്യയുടെ കൗണ്ടർ അറ്റാക്കിൽ നിന്ന് ഛെത്രിയുടെ ഷോട്ട് കുവൈറ്റ് ഗോളി മുന്നോട്ടിറങ്ങി തടുത്തു. പിന്നാലെ ഇരുവശത്തും നീക്കങ്ങളുണ്ടായി. ഇന്ത്യയു‌ടെ പ്രതിരോധപ്പിഴവുകൾ തന്നെയാണ് കുവൈറ്റിന് ആവേശം പകർന്നത്. എന്നാൽ ഫിനിഷിംഗിലെ സന്ദർശകരുടെ പാളിച്ചകൾ പക്ഷേ ഇന്ത്യയ്ക്ക് രക്ഷയാവുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ഇന്ത്യ രണ്ടും കൽപ്പിച്ച് പൊരുതിയെങ്കിലും ഛെത്രിയെ സന്തോഷത്തോടെ യാത്രയാക്കാനായില്ല. 90-ാം മിനിട്ടിൽ ഇന്ത്യയുടെ ലാൽരിൻന്തികയും കുവൈറ്റിന്റെ സമി അൽ സനേയയും തമ്മിൽ പന്തിനായുള്ള പോരാട്ടം കയ്യാങ്കളിയിലേക്ക് എത്തേണ്ടതായിരുന്നെങ്കിലും റഫറി ഇടപെട്ടു.

സുനിൽ ഛെത്രി തന്റെ അവസാനമത്സരത്തിനിറങ്ങിയപ്പോൾ 22കാരനായ ജോ‌യ്ദീപ് ഗുപ്ത ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Advertisement
Advertisement