ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോയെടുക്കാൻ പറ്റില്ലെന്ന് ആ നടി പറഞ്ഞു, അവൻ പോലും ഷെയർ ചെയ്യാത്ത കാര്യമാണിത്; വെളിപ്പെടുത്തലുമായി ടിനി ടോം

Friday 07 June 2024 10:53 AM IST


സിനിമകളിലൂടെയും മിമിക്രിയിലൂടെയുമൊക്കെ മലയാളികൾക്ക് പ്രിയങ്കരനായ വ്യക്തിയാണ് ടിനി ടോം. കൗമുദി മൂവീസിലൂടെ ഉണ്ണിമുകുന്ദനൊപ്പം ഫോട്ടോയെടുക്കാൻ കുറച്ചിലാണെന്ന് പറഞ്ഞ നടിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. 'തത്സമയം ഒരു പെൺകുട്ടി' എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിനിടയിലായിരുന്നു സംഭവം.

'തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിൽ വിക്കനായി അഭിനയിക്കാൻ ഒരു പയ്യൻ വന്നിട്ടുണ്ടായിരുന്നു. എങ്ങനെയാണ് ചേട്ടാ വിക്കിക്കൊണ്ട് സംസാരിക്കുന്നതെന്ന് ആ പയ്യൻ എപ്പോഴും എന്നോട് ചോദിക്കും. ഇന്ന് ആ പയ്യൻ നല്ലൊരു സ്റ്റാറായി വന്നു. എന്നോടൊപ്പം തന്നെ അമ്മ എന്ന സംഘടനയിലെ എക്സിക്യൂട്ടീവ് മെമ്പറായി. ഉണ്ണി മുകുന്ദൻ എന്നാണ് പേര്.

ഉണ്ണി പോലും ഷെയർ ചെയ്യാത്ത കാര്യമാണ്. ആ ചിത്രത്തിലെ ഒരു നടി ഇവനൊപ്പം നിന്ന് ഫോട്ടോയെടുക്കാൻ കുറച്ചില് പോലെ കണ്ടു, ഫോട്ടോയെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. നടിയുടെ പേര് ഞാൻ പറയുന്നില്ല. ഇവൻ പുതിയ പയ്യനാണല്ലോ, ഇവന്റൊപ്പം ഫോട്ടോയെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. പക്ഷേ കാലം അവനെ നായകനാക്കി തിരിച്ചുകൊണ്ടുവന്നു. ഒരു പക്ഷെ ആ നടി ഇപ്പോൾ അവനൊപ്പം ഫോട്ടോയെടുക്കാൻ ആഗ്രഹിക്കുന്നുണ്ടാകും. കർമ എന്ന് പറയുന്നൊരു കാര്യമുണ്ട്. കാലചക്രം എന്ന് പറയുന്നൊരു കാര്യമുണ്ട്. കാവ്യനീതിയെന്ന് പറയുന്നൊരു കാര്യമുണ്ട്. ആരെയും ചെറുതായി കാണാൻ പാടില്ല,'- ടിനി ടോം പറഞ്ഞു.

Advertisement
Advertisement