തൃശൂരിൽ വന്ദേഭാരതിനുനേരെ ആക്രമണം, രണ്ട് കോച്ചുകളുടെ ചില്ല് തകർന്നു

Friday 07 June 2024 3:18 PM IST

തൃശൂർ: തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്സ്‌പ്രസിനുനേരെ തൃശൂരിൽ കല്ലേറ്. രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടിയിട്ടുണ്ട്. എന്നാൽ ആർക്കും പരിക്കേറ്റില്ല. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ആക്രമണമുണ്ടായത്. സി2,സി4 കോച്ചുകളുടെ ചില്ലാണ് പൊട്ടിയത്. മാനസിക പ്രശ്നമുള്ള ആളാണ് പ്രതിയെന്നും ഇയാളെ അറസ്റ്റുചെയ്തുവെന്നുമാണ് ആർപിഎഫ് പറയുന്നത്.

നേരത്തേയും വന്ദേഭാരത് ട്രെയിനിനുനേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 16ന് വൈകിട്ട് 3.49ഓടെ കണ്ണൂരിൽ തലശ്ശേരിയ്‌ക്കും മാഹിയ്‌ക്കുമിടയിലാണ് സംഭവമുണ്ടായത്. ട്രെയിനിന്റെ സി-എട്ട് കോച്ചിലെ ജനൽചില്ല് പൊട്ടിത്തകർന്നു. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണം.

ഇതിന് മുമ്പും കണ്ണൂർ ജില്ലയിൽ വിവിധ ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു. ഓഗസ്‌റ്റ് 13 രാത്രി മൂന്നുട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം-മുംബൈ നേത്രാവതി എക്‌സ്‌പ്രസിന്റെ എ.സി കോച്ചിന് നേരെ കണ്ണൂരിനും വളപട്ടണത്തിനും ഇടയിൽവച്ച് ആക്രമണമുണ്ടായി. മംഗളൂരു-ചെന്നൈ സൂപ്പർഫാസ്‌റ്റിന് നേരെ കണ്ണൂർ-കണ്ണൂർ സൗത്ത് സ്‌റ്റേഷനിടയിൽ വച്ചായിരുന്നു ആക്രമണം. പിന്നാലെ നീലേശ്വരത്തിനടുത്തുവച്ച് ഓഖ-എറണാകുളം എക്‌‌സ്‌പ്രസിന് നേരെയും ആക്രമണമുണ്ടായി. പിന്നാലെ ഓഗസ്‌റ്റ് 14 തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് തുരന്തോ എക്‌സ്‌പ്രസിന് നേരെ പാപ്പിനിശേരിക്കും വളപട്ടണത്തിനുമിടയിൽ വച്ച് കല്ലേറുണ്ടായി.

കഴിഞ്ഞ മേയിൽ വന്ദേഭാരതിനുനേരെ മലപ്പുറത്തുവച്ചും ആക്രമണം ഉണ്ടായിരുന്നു. ട്രെയിൻ തിരൂർ വിട്ട് തിരുനാവായ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുമ്പാണ് ആക്രമണമുണ്ടായത്. ട്രെയിനിന് ചെറിയ പാട് മാത്രമാണുണ്ടായത്.

Advertisement
Advertisement