പണം കൊടുക്കാതെ പാഴ്‌സലും വാങ്ങി പോകും; ചോദ്യം ചെയ്‌ത ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു, എസ്‌ഐക്ക് സസ്‌പെൻഷൻ
Friday 07 June 2024 4:30 PM IST
കോഴിക്കോട്: ഹോട്ടലിൽ കയറി അതിക്രമം കാണിച്ച ഗ്രേഡ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്‌തു. ബാലുശേരി സ്റ്റേഷനിലെ എസ് ഐ എ രാധാകൃഷ്‌ണനെയാണ് സസ്‌പെൻഡ് ചെയ്‌തത്.
ഭക്ഷണം പാഴ്‌സൽ വാങ്ങിയ ശേഷം പണം ഹോട്ടൽ ഉടമ തരുമെന്നാണ് ഇയാൾ ജീവനക്കാരോട് പറയുന്നത് സ്ഥിരമായിരുന്നു. സഹിക്കവയ്യാതായതോടെ പണം നൽകാതെ പേര് പറഞ്ഞാൽ ഇനി മുതൽ ഭക്ഷണം നൽകരുതെന്ന് ഉടമ ജീവനക്കാരെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമായി എത്തി ഭക്ഷണം കഴിച്ച രാധാകൃഷ്‌ണൻ പതിവ് വിദ്യയിറക്കി. എന്നാൽ, ജീവനക്കാർ പണം ചോദിച്ചതോടെ ഇയാൾ ഹോട്ടലിൽ അതിക്രമം കാട്ടുകയായിരുന്നു. ജീവനക്കാരെ മുഴുവൻ അസഭ്യം പറയുകയും ചെയ്‌തു. ഒരു ജീവനക്കാരനെ രാധാകൃഷ്‌ണൻ ആക്രമിക്കുകയും ചെയ്‌തു. തുടർന്ന് ഹോട്ടൽ ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ ഇന്നലെയാണ് പൊലീസ് കേസെടുത്തത്.