കേരളത്തിൽ ഇനി അധികം കാലതാമസമില്ല, ആരോഗ്യമുള്ള പ്രായത്തിലെ റിട്ടയർമെന്റ് പഴയ ഓർമ്മയാകും

Friday 07 June 2024 4:55 PM IST

കേരളത്തിലെ ജനസംഖ്യയിൽ അധികം വൈകാതെ വളരെ കുറവ് രേഖപ്പെടുത്തുമെന്ന് മുരളി തുമ്മാരുകുടി. ജപ്പാനിലെ സാഹചര്യവുമായി താരതമ്യം ചെയ്‌താണ് അദ്ദേഹത്തിന്റെ വിശകലനം. സർക്കാർ കാലവിളമ്പരമില്ലാതെ കെ ഡേറ്റിംഗ് എന്ന ആപ്പ് തുടങ്ങേണ്ടിവരുമെന്നും സരസമായ കുറിപ്പിലുണ്ട്.

തുമ്മാരുകുടിയുടെ വാക്കുകൾ-

കെ-ഡേറ്റിംഗ്

1973 ൽ ആണ് ജപ്പാൻറെ Total Fertility Rate 2.1 എന്ന നിർണ്ണായക കണക്കിന് താഴെ എത്തിയത്. അന്ന് ജപ്പാൻറെ ജനസംഖ്യ ഏകദേശം 1.1 കോടിയായിരുന്നു. 2008 ൽ ജപ്പാൻറെ ജനസംഖ്യ കൂടി 12.8 കോടിയായി. പിന്നെ താഴേക്കാണ്. ഇപ്പോൾ 12.2 കോടിയുടെ അടുത്ത് നിൽക്കുന്നു. വെറുതെ കിടക്കുന്ന വീടുകൾ, ഒഴിഞ്ഞു പോകുന്ന നഗരങ്ങൾ, എഴുപത് കഴിഞ്ഞാലും റിട്ടയർ ആകാൻ പറ്റാത്ത ആളുകൾ. വെല്ലുവിളി പലതാണ്. പലവിധത്തിൽ സർക്കാർ ഇതിനെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. സർക്കാർ തലത്തിൽ ഡേറ്റിംഗ് ആപ്പ് ഉണ്ടാകുന്നതാണ് ലേറ്റസ്റ്റ്. വലിയ കാര്യമുണ്ടാകില്ല.

1990 ലാണ് കേരളത്തിലെ TFR 2.1 ന് താഴെ പോകുന്നത്. 1998 മുതൽ ജനിക്കുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും കുറഞ്ഞു വരുന്നു. മലയാളികളുടെ ആയുർദൈർഘ്യവും ഇക്കാലത്ത് കൂടി വരുന്നതുകൊണ്ടാണ് ജനസംഖ്യയിൽ കുറവ് തുടങ്ങാത്തത്. ഇനി അതിനധികം കാലതാമസമില്ല. പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് ഇതിനെ വേഗത്തിലാക്കും. വീടുകൾ കാലിയാകും. ഗ്രാമങ്ങൾ ഒഴിയും. ആരോഗ്യമുള്ള പ്രായത്തിലെ റിട്ടയർമെന്റ് പഴയ ഓർമ്മയാകും. സർക്കാർ ഡേറ്റിംഗ് ആപ്പ് തുടങ്ങും. പക്ഷെ കാര്യമില്ല.

ഇനിയങ്ങോട്ട് ജനസംഖ്യകുറയുന്ന കേരളത്തിനായാണ് നാം തയ്യാറെടുക്കേണ്ടത്.

മുരളി തുമ്മാരുകുടി

Advertisement
Advertisement