കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളെ ഹിറ്റാക്കുന്നത് ഇവര്‍, പുതിയ സംവിധാനവും വരുന്നു

Friday 07 June 2024 6:39 PM IST

തിരുവനന്തപുരം: രാജ്യത്ത് തന്നെ വന്ദേഭാരത് സര്‍വീസുകള്‍ ഏറ്റവും അധികം ഹിറ്റായ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. തിരുവനന്തപുരം - മംഗലാപുരം, കാസര്‍കോഡ് - തിരുവനന്തപുരം റൂട്ടുകളിലായി രണ്ട് വന്ദേഭാരതുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. ടിക്കറ്റ് കിട്ടുന്നതിന് യാത്രക്കാരുടെ തിരക്ക് കാരണം പലപ്പോഴും ബുദ്ധിമുട്ടാണ്. ആരാണ് കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് എന്ന് അറിയാമോ? മുതിര്‍ന്ന പൗരന്‍മാരാണ് ഈ സര്‍വീസ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഉപയോഗിക്കുന്നത്.

ദേശീയ ശരാശരിയുടെ 15.7 ശതമാനമാണ് മുതിര്‍ന്ന പൗരന്മാരില്‍ കേരളത്തിന്റെ സംഭാവന. സുരക്ഷിതത്വവും കൂടുതല്‍ യാത്രസുഖവുമാണ് വന്ദേഭാരതിലേക്ക് മുതിര്‍ന്ന പൗരന്മാരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. 2019 ഫെബ്രുവരി 15നാണ് രാജ്യത്ത് വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്. നിലവില്‍ കേരളത്തിലേത് ഉള്‍പ്പടെ 51 ട്രെയിനുകളാണ് 2024 ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകള്‍.

വന്ദേഭാരത് ട്രെയിനുകള്‍ ഇതുവരെ 18,423 സര്‍വീസുകള്‍ നടത്തിയതായി റെയില്‍വേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ട്രെയിനുകളെല്ലാം കൂടി ഇതുവരെ സഞ്ചരിച്ചത് 1.24 കോടി കിലോമീറ്ററാണ്.


26 - 45 പ്രായത്തിലുള്ളവരാണ് വന്ദേഭാരതില്‍ യാത്ര ചെയ്യുന്നവരിലേറെയും. മൊത്തം യാത്രക്കാരുടെ 45.9 ശതമാനം വരുമിത്. യാത്രക്കാരില്‍ 61.7 ശതമാനവും പുരുഷന്മാരാണ്. ജാര്‍ഖണ്ഡിലാണ് കൂടുതല്‍ പുരുഷന്മാര്‍ യാത്ര ചെയ്തത്. സ്ത്രീ യാത്രക്കാരുടെ ശതമാനത്തില്‍ മുന്നിലുള്ളത് ഗോവയാണ്, 42 ശതമാനം.

കവച് സംവിധാനം വിജയകരമായി അടുത്തിടെ പരീക്ഷിച്ച വന്ദേഭാരതിന് ഇനി 160 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. അതോടൊപ്പം തന്നെ കൂടുതല്‍ വന്ദേഭാരത് ട്രെയിനുകളും ട്രാക്കിലിറക്കാന്‍ റെയില്‍വേ ആലോചിക്കുന്നുണ്ട്. ഇതോടൊപ്പം വന്ദേഭാരത് മെട്രോ, വന്ദേഭാരത് സ്ലീപ്പര്‍ എന്നീ ശ്രേണിയിലുള്ള പുതിയ ട്രെയിനുകളും ഈ വര്‍ഷം തന്നെ സര്‍വീസ് ആരംഭിക്കും.

റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പ് ഈ മാസം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ക്ക് എല്ലാ ട്രെയിന്‍ സേവനങ്ങളും ഒരു ആപ്പില്‍ നിന്ന് തന്നെ ലഭിക്കുമെന്നതാണ് സൂപ്പര്‍ ആപ്പിന്റെ പ്രത്യേകത. രാജ്യത്ത് ഓടുന്ന എല്ലാ ട്രെയിനുകളുടെയും ട്രാക്കിംഗ്, ടിക്കറ്റ് ബുക്കിംഗ്, ഫുഡ് ഓര്‍ഡര്‍, റീഫണ്ടിംഗ് ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള സേവനങ്ങളും ഉള്‍പ്പെടുത്തിയുള്ളതാകും പുതിയ ആപ്പ്.

Advertisement
Advertisement