നിയമം ലംഘിച്ച് സർക്കാർ‌ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്, വിജിലൻസ് പരിശോധനയിൽ കുടുങ്ങിയത് 83 പേർ

Friday 07 June 2024 6:55 PM IST

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് കണ്ടെത്തുന്നതിനായി വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന.

ഇന്നലെ വൈകട്ട് നാലുമണി മുതൽ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലങ്ങളിൽ“ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ്” എന്ന പേരിലാണ് വിജിലൻസ് പരിശോധന നടത്തിയത്. സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ നോൺ പ്രാക്ടീസ് അലവൻസ് വാങ്ങുന്ന 19 ഡോക്ടർമാരും ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ആശുപത്രികളിലെ 64 ഡോക്ടർമാരും നിബന്ധനകൾ പാലിക്കാതെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും വിജിലൻസ് കണ്ടെത്തി. വിവിധ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വീട് ഉൾപ്പടെയുള്ള സ്ഥലങ്ങളിലും ആരോഗ്യ വകുപ്പിന്റെ കീഴിലെ ഡോക്ടർമാർ സർക്കാർ നിബന്ധനകൾക്കെതിരായി വീടുകൾ വാടകയ്ക്കെടുത്ത് സ്റ്റാഫുകളെ നിയമിച്ചും ലബോറട്ടറികൾ സജീകരിച്ച് വാണിജ്യ കെട്ടിടങ്ങളിലും വാടകയ്ക്കെടുത്തും മറ്റും സ്വകാര്യ പ്രാക്ടീസ് നടത്തി വന്ന സ്ഥലങ്ങളിലുമാണ് മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാനമൊട്ടാകെ വിജിലൻസ് 70ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന.

കോഴിക്കോട് ജില്ലയിൽ 8 ഉം, ആലപ്പുഴ ജില്ലയിൽ 3 ഉം, തൃശ്ശൂർ ജില്ലയിൽ 2 ഉം, തിരുവനന്തപുരം,കോട്ടയം,എറണാകുളം,മലപ്പുറം,വയനാട്,കണ്ണൂർ എന്നീ ജില്ലകളിൽ 1 വീതവുംആകെ 19 മെഡിക്കൽ കോളേജ് ഡോക്ടർമാരും,ആരോഗ്യ വകുപ്പിൻ കീഴിൽ സർക്കാർ ഉത്തരവിലെ നിബന്ധനകൾക്ക് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്ന തിരുവനന്തപുരം,പത്തനംതിട്ട ജില്ലകളിൽ10 വീതവും, കണ്ണൂർ ജില്ലയിൽ 9 ഉം, കാസർഗോഡ്ജില്ലയിൽ 8 ഉം, കൊല്ലംജില്ലയിൽ 5 ഉം,പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ 4 വീതവും, കോട്ടയം ജില്ലയിൽ3 ഉം,ഇടുക്കി, മലപ്പുറം ജില്ലകളിൽ 2 വീതവും, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ1 വീതവും ആകെ 64 ഡോക്ടർമാർ സർക്കാർ ഉത്തരവിലെ നിബന്ധനകൾക്ക് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്നതായിവിജിലൻസ് കണ്ടെത്തി.

സംസ്ഥാനത്തെ ആരോഗ്യ വകുപ്പിൻ കീഴിലെ ഡോക്ടർമാർ സ്വന്തം വീടിനോട് ചേർത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിന് സർക്കാർ അനുമതിയുണ്ടെങ്കിലും ചില ഡോക്ടർമാർ അവർ ജോലി ചെയ്യുന്ന ആശുപത്രി പരിസരത്ത് വാടക മുറികളും വാണിജ്യ കെട്ടിടങ്ങളും സംഘടിപ്പിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം, കോട്ടയം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ ചില ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസിന്റെ മറവിൽ വീടുകൾ വാടകയ്ക്കെടുത്ത് മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിച്ചും, നേഴ്സിനെയും, ടെക്നീഷ്യനെയും, ലാബ് അസിസ്റ്റന്റിനെയും മറ്റും നിയമിച്ച് ക്ലിനിക്ക് പോലെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

മിന്നൽ പരിശോധനയിൽ കണ്ടെത്തിയതും സർക്കാർ ഉത്തരവിന് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയതുമായ ഡോക്ടർമാരുടെ വിശദ വിവരം നടപടികൾക്കായി സർക്കാരിന് നൽകുമെന്ന് വിജിലൻസ് ഡയറക്ടർ ടി. കെ. വിനോദ്‌കുമാർ അറിയിച്ചു.

വിജിലൻസ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം വിജിലൻസ് ഐ.ജിയുടെ ചുമതല വഹിക്കുന്ന ബിജുമോൻ മിന്നൽ പരിശോധനക്ക് മേൽനോട്ടം വഹിച്ചു. വിജിലൻസ് ആസ്ഥാനത്തെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനോദ്.സി നേതൃത്വം നൽകിയ മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ അഭ്യർത്ഥിച്ചു

Advertisement
Advertisement