മന്ത്രി ലക്ഷ്മിക്കുട്ടിയെ നൽകി; കൃഷ്ണപ്രിയ ഹാപ്പിയാണ്

Saturday 08 June 2024 4:50 AM IST

തൃശൂർ: സംസ്ഥാനസ്‌കൂൾ കലോത്സവ ഓട്ടൻ തുള്ളലിലെ എ ഗ്രേഡിൽ കൃഷ്ണപ്രിയ ആഹ്ളാദിച്ചില്ല. പൂർണ ഗർഭിണിയായ അമ്മുക്കുട്ടിയ വിറ്റ കാശുകൊണ്ടാണ് അന്ന് മത്സരിക്കാനെത്തിയത്. ആ സങ്കടം ഇന്നലെ മാറി.

അമ്മുക്കുട്ടിക്ക് പകരമൊരു പശുവിനെ മന്ത്രി ചിഞ്ചുറാണി സമ്മാനിച്ചു. രണ്ടു മാസത്തിനകം പ്രസവിക്കും. കൃഷ്ണപ്രിയ അവൾക്ക് പേരുമിട്ടു, ലക്ഷ്മിക്കുട്ടി. കൃഷ്ണപ്രിയയുടെ അവസ്ഥ പത്രവാർത്തയിലൂടെ അറിഞ്ഞ ചിഞ്ചുറാണി സമ്മാനദാന വേദിയിൽ നൽകിയ ഉറപ്പാണ് പാലിച്ചത്.

ഫ്രീസ്വാൾ സങ്കരയിനമാണ് ലക്ഷ്മിക്കുട്ടി. നന്നായി പരിപാലിച്ചാൽ ദിവസം 15-20 ലിറ്റർ പാൽ കിട്ടും. കൃഷിക്കാരനായ വരന്തരപ്പിള്ളി കണിയാമ്പറമ്പിൽ കുമാരനും ഭാര്യ ഓമനയ്ക്കും മനസ്സമാധാനവുമായി. പാട്ടത്തിനെടുത്ത അമ്പതു സെന്റിൽ വാഴകൃഷി തുടങ്ങാൻ രണ്ടു പശുക്കളെ നേരത്തേ വിറ്റിരുന്നു. പ്രസവിക്കാറായ അമ്മുക്കുട്ടിയുണ്ടല്ലോ എന്നായിരുന്നു കണക്കുകൂട്ടിയത്.

എന്നാൽ ജനുവരിയിൽ കൊല്ലത്ത് നടന്ന സ്‌കൂൾ കലോത്സവത്തിന് മകൾക്ക് വേഷവും മറ്റും വാങ്ങാൻ ഒരുവഴിയും കാണാതെവന്നു. അമ്മുക്കുട്ടിയെ മനസ്സില്ലാമനസ്സോടെ കുമാരൻ വിറ്റു.

എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ളസുള്ള കൃഷ്ണപ്രിയ പ്ളസ് വണ്ണിന് ചേർന്നു. സഹോദരൻ അജയ് കൃഷ്ണ പ്ളസ് ടുവിലാണ്. ഒഴിഞ്ഞ തൊഴുത്തിൽ പുതിയ അതിഥി വന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.

100 കിലോ തീറ്റയും

അനിമൽ പാസ്‌പോർട്ടും

മന്ത്രിയുടെ നിർദ്ദേശപ്രകാരം വെറ്ററിനറി സർവകലാശാലയാണ് കിടാരിയെ നൽകിയത്. കിടാരിയുടെ ഉയരം, ഭാരം ഉൾപ്പെടെ വിവരങ്ങളുള്ള അനിമൽ പാസ്‌പോർട്ടും 100 കിലോ തീറ്റയും ധാതുലവണ മിശ്രിതവും നൽകി. മണ്ണുത്തി വെറ്ററിനറി കോളേജ് ഫാം പരിസരത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ അദ്ധ്യക്ഷനായി. വി.സി ഡോ. കെ.എസ്.അനിൽ, അക്കാഡമിക് ഡയറക്ടർ ഡോ.ലത, ഫാം ഡയറക്ടർ ഡോ.ശ്യാംമോഹൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.കെ.ബി.ജിതേന്ദ്രകുമാർ, കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.ഷൈൻകുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ.വി.ഷിബു, രജിസ്ട്രാർ ഡോ.പി.സുധീർബാബു തുടങ്ങിയവർ പ്രസംഗിച്ചു.

പകരം കിടാരിയെ കിട്ടിയതിൽ വളരെ സന്തോഷം. മന്ത്രിക്ക് നന്ദി


കൃഷ്ണപ്രിയ