ഡോ.എസ്. ഗോപകുമാർ ആരോഗ്യ സർവകലാശാല രജിസ്ട്രാർ

Saturday 08 June 2024 4:28 AM IST

കണ്ണൂർ:കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ രജിസ്ട്രാർ ആയി കണ്ണൂർ ഗവ.ആയുർവേദ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ.എസ്.ഗോപകുമാറിനെ നിയമിച്ചു.ആരോഗ്യസർവകലാശാലയുടെ അക്കാഡമിക്,ഗവേണിംഗ് കൗൺസിൽ അംഗം,തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രി ആർ.എം.ഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര ആയുഷ് വകുപ്പിന്റെയും കേന്ദ്ര ആയുർവേദ കൗൺസിലിന്റെയും കേരള ആരോഗ്യസർവകലാശാലയുടെയും മികച്ച ആയുർവേദ അദ്ധ്യാപകനുള്ള അവാർഡുകളടക്കം വിവിധ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

ദേശീയ അന്തർദ്ദേശീയ ശാസ്ത്ര സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ.ഗോപകുമാർ ആയുർവേദ സംബന്ധിയായ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കവിയും ഗാനരചയിതാവും പ്രഭാഷകനുമാണ്. നാഷണൽ സർവീസ് സ്‌കീമിന്റെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള കണ്ണൂർ സർവകലാശാലയുടെ അവാർഡ് നേടിയിട്ടുണ്ട്. രണ്ട് തവണ കേരള സർവകലാശാല കലാപ്രതിഭയായിരുന്നു. തിരുവനന്തപുരം പട്ടം ആദർശ്‌നഗർ ശ്രീഭവനിൽ കെ.ശ്രീകണ്ഠൻ നായരുടെയും പി. കൃഷ്ണകുമാരിയുടെയും മകനാണ്.ഭാര്യ: വിനയ. മകൾ: അമേയ.

Advertisement
Advertisement