വീണ്ടും പനിപ്പേടി

Saturday 08 June 2024 12:48 AM IST

കൊച്ചി: ചുട്ടുപൊള്ളുന്ന വേനലിനു പിന്നാലെയെത്തിയ മഴയിൽ ജില്ലയിൽ പനി പടരുന്നുവെന്ന് ആരോഗ്യ വകുപ്പ്. പനിബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്നുവെന്ന് വകുപ്പിന്റെ കണക്ക്. വൈറൽപനി ബാധിതരുടെയും മഞ്ഞപ്പിത്ത ബാധിതരുടെയും എണ്ണമാണ് ഗണ്യമായി വർദ്ധിക്കുന്നത്. ഡെങ്കിപ്പനിയും വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിലെ വൈറൽപനിബാധിതരുടെ എണ്ണം മൂവായികം കടന്നു. ഒരു മാസം മുൻപ് ഇതേസമയത്ത് ഒരാഴ്ചത്തെ വൈറൽ പനി ബാധിതരുടെ എണ്ണം 2,300 ആയിരുന്നു. എന്നാൽ കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് 3,249 പേർക്കാണ് ജില്ലയിൽ പനി ബാധിച്ചത്. ഇതിൽ 100ലേറെ പേരും ദിവസങ്ങളോളം അഡ്മിറ്റായവരാണ്.

മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തിലെ വർദ്ധനവും ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 29 പേർക്കാണ് ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചത്. വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്ത ബാധയിൽ കുറവ് വന്നതിലെ ആശ്വാസത്തിനിടെയാണ് പുതിയ കണക്കുകൾ വന്നത്. കഴിഞ്ഞ മാസം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളുമായി 70ലേറെപ്പേർ ചികിത്സതേടിയതിൽ 24 പേർക്കും സ്ഥിരീകരിച്ചിരുന്നു.

ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. കഴിഞ്ഞ മാസത്തേതിന്റെ ഇരട്ടിപ്പേർക്കാണ് ഈ മാസം ഡെങ്കിപ്പനി ബാധിച്ചത്. കഴിഞ്ഞ മാസത്തിലെ ആദ്യ ഏഴ് ദിവസത്തിനിടെ 32 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചതെങ്കിൽ ഇത്തവണയത് 69 ആയി ഉയർന്നു. 114 പേർ ഡെങ്കു ലക്ഷണവുമായി ചികിത്സ തേടിയതിലാണ് ഇത്രയും പേർക്ക് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഏഴ് ദിവസത്തിനിടയിലെ പനി ബാധിതർ (അഡ്മിറ്റ് ആയത്)

  • വൈറൽ പനി- 98
  • ഡെങ്കിപ്പനി- 69
  • ചിക്കുൻഗുനിയ- 2
  • എലിപ്പനി- 14
  • മഞ്ഞപ്പിത്തം- 29


മഞ്ഞപ്പിത്തം ലക്ഷണങ്ങൾ

  • ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം
  • ഇരുണ്ട നിറമുള്ള മൂത്രം
  • ഛർദ്ദിയും ഓക്കാനവും
  • വിശപ്പില്ലായ്മ
  • വയറുവേദന
  • ഭാരം കുറയൽ
  • കടുത്ത പനി
Advertisement
Advertisement