സർക്കാർ തിരിഞ്ഞുനോക്കാതെ വേങ്ങൂർ

Saturday 08 June 2024 12:51 AM IST

കൊച്ചി: പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചിട്ട് 50 ദിവസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാരിന്റെ ധനസഹായമെത്തിയില്ല. രണ്ടാഴ്ചയായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും 200ലേറെ പേർ ഇപ്പോഴും രോഗബാധിതരാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നയാളുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്. മറ്റ് നാലുപേരുടെ നിലയും ഗുരുതരമാണ്. മഞ്ഞപ്പിത്ത ബാധയെക്കുറിച്ച് ജില്ലാ കളക്ടർ

പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് തയ്യാറായിട്ടുണ്ട്. ഇതിലെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൂവാറ്റുപുഴ ആർ.ഡി.ഒയുടെ പ്രത്യേക അന്വേഷണ റിപ്പോർട്ടും കളക്ടർക്ക് സമർപ്പിട്ടുണ്ടെന്നാണ് വിവരം. വേങ്ങൂരിൽ ഏപ്രിൽ 17നാണ് ആദ്യമായി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 200 വീടുകളിലാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ധനസഹായം ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ ആരോഗ്യ മന്ത്രി വീണ ജോർജിനെ ഉൾപ്പെടെ നേരിൽ കണ്ട് ആവശ്യമുന്നയിച്ചിരുന്നു.

സർക്കാർ തിരിഞ്ഞുനോക്കിയില്ലെങ്കിലും ചികിത്സാസഹായ നിധിയിലൂടെ പണം സ്വരൂപിച്ച് പഞ്ചായത്ത് അധികൃതർ ചെറിയ സഹായമെത്തിച്ചിരുന്നു. ആറര ലക്ഷം രൂപയാണ് പഞ്ചായത്ത് വിവിധ വ്യക്തികൾക്കായി വിതരണം ചെയ്തത്. രണ്ടര ലക്ഷം രൂപ മഞ്ഞപ്പിത്ത ബാധിതരായ ദമ്പതികൾക്ക് നൽകി. ഭർത്താവ് ഐ.സി.യുവിൽ നിന്ന് മോചിതനായെങ്കിലും യുവതി ഇപ്പോഴും ഐ.സിയുവിലാണ്. മരിച്ച ജോളി രാജു, കാർത്യായനി എന്നിവരുടെ കുടുംബങ്ങൾക്കും ഗുരുതരാവസ്ഥയിലായിരുന്ന ജോമോനും 50,000രൂപ വീതം നൽകി. ഐസിയുവിലായിരുന്ന ആറു വയസുള്ള കുട്ടിയുടെ ചികിത്സയ്ക്ക് 25,000 രൂപ നൽകി.

10,000രൂപ വീതം ചികിത്സയിലുള്ള 20ഓളം പേർക്ക് നൽകും. സർക്കാർ സഹായം ലഭിക്കുന്ന മുറയ്ക്ക് ബാക്കിയുള്ളവർക്ക് സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

വേങ്ങൂർ പഞ്ചായത്ത് അധികൃതർ

Advertisement
Advertisement