മോദി 3.0:ഓഹരിക്ക് റെക്കാഡ് ആവേശം

Saturday 08 June 2024 4:59 AM IST

കൊച്ചി: റിസർവ് ബാങ്കിന്റെ ധനനയവും മൂന്നാം മോദി സർക്കാരും സൃഷ്ടിച്ച ആവേശത്തിൽ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ റെക്കാഡ് മുന്നേറ്റം കാഴ്ചവച്ചു. വിദേശ, ആഭ്യന്തര നിക്ഷേപകർ വൻതോതിൽ പണമൊഴുക്കിയതോടെ സെൻസെക്‌സ്1,619.5 പോയിന്റ് കുതിച്ച് 76,693ൽ വ്യാപാരം പൂർത്തിയാക്കി. എൻ.എസ്.ഇ നിഫ്റ്റി 469 പോയിന്റ് നേട്ടവുമായി 23,290ൽ അവസാനിച്ചു.

മോദിയുടെ മൂന്നാം ഉ‌ൗഴം ഉറപ്പായതോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മുഖ്യസൂചികകൾ പത്ത് ശതമാനം വർദ്ധിച്ചു. വോട്ടെണ്ണൽ ദിനത്തിൽ നാലായിരം പോയിന്റിലധികം തകർച്ച നേരിട്ട ശേഷമാണ് നഷ്ടം പൂർണമായും നികത്തി സെൻസെക്സ് പുതിയ ഉയരത്തിലെത്തിയത്.

എൻ.ഡി.എ സഖ്യക്ഷികൾ പുതിയ മോദി സർക്കാരിന് പൂർണപിന്തുണ വാഗ്ദാനം ചെയ്തതോടെ മന്ത്രിസഭാ രൂപീകരണത്തിലെ ആശങ്കകൾ ഒഴിഞ്ഞതാണ് നിക്ഷേപകർക്ക് ആവേശമായത്. പലിശ നിരക്കുകൾ മാറ്റിയില്ലെങ്കിലും നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് 7.2 ശതമാനമായി ഉയരുമെന്ന റിസർവ് ബാങ്കിന്റെ വിലയിരുത്തലും വിപണിക്ക് കരുത്തായി.

Advertisement
Advertisement