മെഡിക്കൽ കോളേജ് രണ്ടാംഘട്ടം ഡിസംബറിൽ പൂർത്തീകരിക്കും, കോന്നിക്ക് കുതിക്കാൻ 'ഒാപ്പറേഷൻ പ്ളാൻ'

Saturday 08 June 2024 12:15 AM IST

കോന്നി : കോന്നി ഗവ.മെഡിക്കൽ കോളേജിന്റെ സുഗമമായ നടത്തിപ്പിന് വിശദമായ ഓപ്പറേഷൻ പ്ലാൻ തയ്യാറാക്കും. രണ്ടാംഘട്ട നിർമ്മാണം ഡിസംബറിൽ പൂർത്തീകരിക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന ആശുപത്രി വികസനസമിതി യോഗത്തിലാണ് തീരുമാനം. 200 കിടക്കകളുള്ള ആശുപത്രി ബ്ലോക്ക്, ഓപ്പറേഷൻ തീയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, മോർച്ചറി, പ്രിൻസിപ്പൽ, ഡോക്ടർമാർ, മറ്റു ജീവനക്കാർ എന്നിവർക്കായുള്ള ക്വാർട്ടേസ് തുടങ്ങിയവയുടെ നിർമ്മാണ പുരോഗതിയും വിലയിരുത്തി.

ഏഴു നിലകളിലായി നിർമ്മിക്കുന്ന 200 കിടക്കകളുള്ള ആശുപത്രി കെട്ടിടത്തിന്റെ ആറുനിലകളുടെ നിർമ്മാണം പൂർത്തിയായി. ഏഴാമത്തെ നിലയുടെ നിർമ്മാണവും കെട്ടിടത്തിന്റെ പ്ലാസ്റ്ററിംഗ്, ഇലക്ട്രിക്, പ്ലംബിംഗ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

പ്രിൻസിപ്പൽ ഓഫീസിന്റെയും നാലു നിലകളിലായി നിർമ്മിക്കുന്ന പുതിയ അക്കാഡമിക് ബ്ലോക്കിന്റെയും നിർമ്മാണം അന്തിമഘട്ടത്തിലാണ്. ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള ടൈപ്പ് ബി ആൻഡ് ഡി ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മാണത്തിലാണ്. ഓരോ ഫ്ലാറ്റ് സമുച്ചയത്തിലും 40 അപ്പാർട്ട്മെന്റുകൾ വീതമുണ്ട്. മോർച്ചറിയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. പോസ്റ്റ്മോർട്ടം ടേബിൾ, ഫ്രീസറുകൾ എന്നിവ കെ.എം.എസ്.സി എൽ മുഖേന സ്ഥാപിക്കും.

പ്രിൻസിപ്പളിനുള്ള ഡീൻ വില്ലയുടെ നിർമ്മാണം ഈ മാസം പൂർത്തിയാക്കും.

ജില്ലാ കളക്ടർ പ്രേംകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ആർ.എസ്.നിഷ, മെഡിക്കൽ സൂപ്രണ്ട് ഡോ.എ.ഷാജി, പി.ജെ.അജയകുമാർ, എസ്.സന്തോഷ് കുമാർ, നഴ്‌സിംഗ് സൂപ്രണ്ട് ഡി.എം.സില്‍വി, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനിയർ വി.കെ.ജാസ്മിൻ, എച്ച്.എൽ.എൽ പ്രൊജക്റ്റ് മാനേജർ കെ.ആർ.രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

ഡിസംബറിൽ പൂർത്തീകരിക്കുന്ന
മറ്റു നിർമ്മാണങ്ങൾ

1. ഓഡിറ്റോറിയം.

2. ചുറ്റുമതിൽ, ഗേറ്റ്.

3. മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾ.

4.ലേബർ റൂം, ലേബർ വാർഡ്.

5. ഐ.സി.യു നിർമ്മാണം.

മെഡിക്കൽ കോളേജ് വികസനത്തിന് തടസമായി നിൽക്കുന്ന പാറ നീക്കം ചെയ്യുന്നതിന് ഉന്നതതല യോഗം ചേരും.

രണ്ടാംഘട്ടത്തിൽ ചെലവിടുന്നത് :

350 കോടി രൂപ

ഓപ്പറേഷൻ പ്ലാൻ?

മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നിർദ്ദേശങ്ങളും ജീവനക്കാരുടെ ആവശ്യങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കുന്നതാണ് ഒാപ്പറേഷൻ പ്ളാൻ. 10 ദിവസത്തിനകം പ്ലാൻ തയ്യാറാക്കി സമർപ്പിക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തി.
നിർമാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കൃതമായ ഇടവേളകളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തും.

മെഡിക്കൽ കോളേജ് ഐ.പി സംവിധാനം കൂടുതൽ രോഗികൾക്ക് പ്രയോജനമാകുന്ന രീതിയിൽ ക്രമപ്പെടുത്തും. ക്യാഷ്വൽറ്റി സംവിധാനവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനമാണ് നടക്കുന്നത്.

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

Advertisement
Advertisement