വളർച്ച നിരക്ക് 7.2 ശതമാനമാകുമെന്ന് റിസർവ് ബാങ്ക്

Saturday 08 June 2024 12:17 AM IST

വായ്പാ നിരക്കുകളിൽ മാറ്റമില്ല. നാണയപ്പെരുപ്പം 4.5 ശതമാനത്തിൽ തുടരുമെന്നും വിലയിരുത്തൽ

കൊച്ചി: പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുൻപുള്ള ധന അവലാേകന നയത്തിലും പ്രതീക്ഷിച്ചതു പോലെ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. ഇതോടെ റിസർവ് ബാങ്കിൽ നിന്നും വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പകളുടെ പലിശയായ റിപ്പോ 6.5 ശതമാനത്തിൽ തുടരും. രാജ്യത്തെ സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്ന സാഹചര്യത്തിൽ നാണയപ്പെരുപ്പ ഭീഷണി അവഗണിച്ച് പലിശ കുറയ്ക്കേണ്ടതില്ലെന്നാണ് റിസർവ് ബാങ്ക് തീരുമാനം.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മികച്ച ലാഭക്ഷമതയിൽ നീങ്ങുന്നതിനാൽ സാമ്പത്തിക മേഖലയിൽ അപകട സാദ്ധ്യതകൾ കുറവാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ നാണയപ്പെരുപ്പം നേരിടുന്നതിനാണ് റിസർവ് ബാങ്ക് 2022 മേയ് മാസത്തിനു ശേഷം തുടർച്ചയായി മുഖ്യ പലിശ നിരക്കായ റിപ്പോ ആറു തവണയായി 2.5 ശതമാനം വർദ്ധിപ്പിച്ച് 6.5 ശതമാനമാക്കിയത്. ഇതോടെ ഒന്നര വർഷത്തിനിടെ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ്, വിദ്യാഭ്യാസ വായ്പകളുടെ പലിശ നിരക്കിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ വർദ്ധനയാണുണ്ടായത്.

കഴിഞ്ഞ ദിവസം യൂറോപ്യൻ സെൻട്രൽ ബാങ്ക് മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്കൻ ഫെഡറൽ റിസർവും പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പലിശ കുറയ്ക്കുന്നതിന് പിന്തുണയേറുന്നു

ധന അവലാേകന സമിതിയിലെ രണ്ട് അംഗങ്ങൾ പലിശ കുറയ്ക്കണമെന്ന നിലപാട് സ്വീകരിച്ചെങ്കിലും നാല് പേർ എതിർത്ത് വോട്ട് ചെയ്തു. പലിശ കുറയ്ക്കണമെന്ന നിലപാടിന് റിസർവ് ബാങ്കിൽ പിന്തുണ ഏറുന്നുവെന്നാണ് പുതിയ സാഹചര്യം വ്യക്തമാക്കുന്നത്. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 7.2 ശതമാനം വളർച്ചയുണ്ടാകുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. നേരത്തെ വളർച്ചാ നിരക്ക് ഏഴ് ശതമാനമാകുമെന്നാണ് പ്രവചിച്ചിരുന്നത്. നാണയപ്പെരുപ്പം 4.5 ശതമാനമാകുമെന്നും കേന്ദ്ര ബാങ്ക് വിലയിരുത്തുന്നു. തുടർച്ചയായ എട്ടാം തവണയും പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ധന നയം പ്രഖ്യാപിക്കുന്നത്.

റിപ്പോ നിരക്ക് 6.5 %

Advertisement
Advertisement